My Diary

ഒരു ബലി പെരുന്നാൾ സ്മരണ

ഇന്ന് ബലി പെരുന്നാൾ… ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം മാനവർക്ക് നൽകിയ സുദിനം. 

ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ഹാജറ ബീവിയുടെയും ത്യാഗസ്മരണകൾ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാൾ വന്നെത്തി. ലോകത്തെ തന്നെ വിറങ്ങലടിപ്പിച്ചു വന്ന കോവിഡ് കാലത്തെ, ആഘോഷങ്ങൾ ഒന്നും  ഇല്ലാതെ, ഈദ് ഗാഹുകളും വലിയ ആൾക്കൂട്ടത്തോട് കൂടിയുള്ള പെരുന്നാൾ നമസ്കാരം ഇല്ലാതെ, ബന്ധുവീടുകളിൽ പോകാതെയും പരസ്പരം പുണർന്നു ഈദ് മുബാറക് പറയാതെയുമുള്ള വ്യത്യസ്തമായ ആദ്യത്തെ ഹജ്ജ് പെരുന്നാൾ.  സാമൂഹിക അകലം പാലിച്ചു കുറച്ചു പേർ മാത്രം അടങ്ങുന്ന പെരുന്നാൾ നമസ്‍കാരങ്ങളാണ്‌  പള്ളികളിൽ ഇന്ന് നടന്നത്. ഭൂരിഭാഗം ആൾക്കാരും ഇന്നത്തെ പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി.  ആരും വരാനില്ലാത്ത ആർക്ക് വേണ്ടിയും കാത്തിരിക്കാനില്ലാത്ത ആദ്യത്തെ പെരുന്നാൾ.

കുറെ ഫോൺ സന്ദേശങ്ങളും വാട്സപ്പ് സന്ദേശങ്ങളും കൈമാറി കഴിഞ്ഞു. ഇപ്പോഴുള്ളത് ഉമ്മ അടുക്കളയിൽ നെയ്‌ച്ചോറ് വെക്കുന്നതിന്റെ തട്ടലും മുട്ടലും മാത്രം. വല്ലപ്പോഴും ചില വാഹനങ്ങളുടെ ഹോണടിയും അപ്പുറത്തെ കൃഷിയിടത്തിൽ വന്നിരിക്കുന്ന കിളികളുടെ ശബ്ദവും എവിടെന്നോ ഒരു പട്ടിയുടെ കുരയും കേൾക്കാം. പെരുന്നാളിനെ അനുസ്മരിപ്പിക്കുന്ന ഒരു കാഴ്ചയും കോലാഹലവും എങ്ങും ഇല്ല. പഴയ പെരുന്നാൾ സ്മരണകൾ അയവിറക്കി നോക്കാം. രസകരമായ അനുഭവങ്ങൾ ഓരോ പെരുന്നാളും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അൽപം നൊമ്പരം കൂടി തന്ന ഒരു പെരുന്നാൾ ദിനം ഇപ്പോൾ പങ്കു വെക്കാം.

ഞാൻ എന്റെ കുഞ്ഞുമ്മയോടൊപ്പം താമസിച്ചിരുന്ന കാലം. അന്ന് കുഞ്ഞമ്മയുടെ ഇരട്ടക്കുട്ടികൾ അനുവും കുഞ്ചുവും (അതാണ് വീട്ടിലെ ചെല്ലപ്പേര്) അംഗനവാടിയിൽ പോയി തുടങ്ങിയിട്ടേ ഉള്ളൂ. അവരെ അവിടെ കൊണ്ട് ചെന്നാക്കുന്നത് ബാലികേറാമലയിൽ കയറുന്നപോലെയാണ്.  അത്തവണ ബലി പെരുന്നാളിനുള്ള ആടിനെ കുറച്ചു നാൾ മുൻപ് തന്നെ വീട്ടിൽ വാങ്ങി നിർത്തിയിരുന്നു. അതിന് പ്ലാവില ഒടിക്കലും വെള്ളം കൊടുക്കലുമൊക്കെ ഞാനും കുട്ടികളും ഒന്നിച്ചായിരുന്നു ചെയ്തിരുന്നത്. കുട്ടികളെ ആഹാരം കഴിപ്പിക്കുന്നത് വളരെ പ്രയാസമായിരുന്നു. അവരെ ആട്ടിനോടൊപ്പം കളിക്കാൻ അനുവദിച്ചു ഞാൻ അവരെ ഭക്ഷണം കഴിപ്പിക്കുമായിരുന്നു. ഞങ്ങൾ ആടിനെ “ബകരി” എന്ന ഹിന്ദിയിലെ വാക്ക് തന്നെയാണ് പേരായി വിളിച്ചിരുന്നത്. കുറച്ചു ദിവസം കൊണ്ട് തന്നെ ഞങ്ങൾ അവനോട് ഒരുപാട് അടുത്തു. പെരുന്നാൾ തലേന്ന് രാവിലെ പതിവില്ലാതെ അവൻ ബഹളം വെച്ചു. പിന്നെ കയർ പൊട്ടിച്ചു റബ്ബർ തോട്ടത്തിലേക്ക് ഓടി. ഞാനും കുട്ടികളും വീട്ടിലെ മറ്റുള്ളോരും അതിനെ പിടിക്കാൻ പുറകെ ഓടി. ഞാൻ പിടിക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ പുറത്തേക്ക് മുൻകാലുകൾ പൊക്കി അവൻ ചവിട്ടി. അപ്പോഴത്തെ വെപ്രാളത്തിൽ ഞാൻ അതിനെ ഒരു കമ്പെടുത്തു അടികൊടുത്തു. എന്നിട്ട് പണിപ്പെട്ട് കയറിൽ പിടികിട്ടിയപ്പോൾ എല്ലാരും കൂടി വലിച്ചു കൊണ്ട് പോയി പഴയ സ്ഥാനത്തു കെട്ടി. 

അന്ന് അംഗനവാടിയിൽ കുട്ടികൾക്ക് മത്സരമുണ്ടായിരുന്നു. അവരെയും കൊണ്ട് പോകാനിറങ്ങുമ്പോൾ പതിവ് പോലെ ഞങ്ങൾ ബകരിയുടെ അടുത്ത് ചെന്നു, പതിവ്പോലെ കുട്ടികൾ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. ഇരട്ടയിൽ മൂത്ത ആൾ “അനു”വിനാണ് കൂടുതൽ അടുപ്പം അവൻ വീണ്ടും ഉമ്മ കൊടുത്തിട്ട് “നാൻ നേസറി പോയ്ട്ട്  വരാമേ കുട്ടാ. വന്നട്ട് കളിക്കാമേ , ഇനീം കയര് പൊട്ടിച്ചിട്ട് ഓടല് കേട്ടാ” എന്നൊക്കെ പറഞ്ഞു തലയിൽ തടവി വീണ്ടും ഉമ്മ കൊടുത്തു. അപ്പോൾ “ബകരി”യുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചു വരുന്നുണ്ടായിരുന്നു. അപ്പോൾ അവനെ അടിച്ചതോർത്തു എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാനും അതിന്റെ നെറ്റിയിൽ പതിവില്ലാതെ ഉമ്മ വെച്ചു. ശേഷം ഞങ്ങൾ അംഗനവാടിയിലേക്ക് പോയി.

അന്ന് മത്സരങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവരെ കൊണ്ടാക്കിയ ശേഷം തിരിച്ചു വരാൻ കഴിഞ്ഞില്ല. അവരുടെ ഓട്ട മത്സരത്തിന് ശേഷം അമ്മമാരുടെ പാട്ട് മത്സരവും ഉണ്ടായിരുന്നു. കുട്ടികളുടെ ‘അമ്മ’ കൂടെ ചെല്ലാറില്ല, ഞാനാണല്ലോ എന്നും പോകുന്നത് അതുകൊണ്ട് എനിക്കും താരാട്ട് പാടേണ്ടി വന്നു. അവർക്കും എനിക്കും സമ്മാനം കിട്ടിയ  സ്റ്റീൽ ഗ്ലാസുകളും ചോറ്റു പാത്രവുമൊക്കെയായി ഞങ്ങൾ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി വന്നു. ദൂരെ നിന്ന് നോക്കിയപ്പോൾ തന്നെ ആടിനെ കെട്ടിയിട്ടിരുന്ന സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. കുട്ടികൾ ഓടി അവിടെയൊക്കെ നോക്കി. അനു അടുക്കളയിലേക്ക് ഓടി ചെന്ന് “ഉമ്മ, ബകരി എവിട”യെന്നു ചോദിച്ചതും തിടുക്കപ്പെട്ട് പാചകത്തിലായിരുന്ന കുഞ്ഞുമ്മ “ദാ ഇരിക്കണ്” എന്ന് അവൻ്റെ മുന്നിലിരുന്ന ഇറച്ചി പാത്രം ചൂണ്ടി കാണിച്ചു പറഞ്ഞു കൊണ്ട് തൻ്റെ പണി തുടർന്നു. അതുകേട്ട് ചെന്ന എൻ്റെ നെഞ്ചിൽ പോലും ഒരു കൊള്ളിയാൻ മിന്നിയ പോലെ ഒരു വേദന അനുഭവപ്പെട്ടു. അപ്പോൾ ആ പിഞ്ചുമനസ്സു എങ്ങനെ വേദനിച്ചിട്ടുണ്ടാകും. അവൻ “എൻ്റ ബകരി പോയേ” എന്ന് നിലവിളിച്ചുകൊണ്ട് തള്ളവിരലുകൾ മാത്രം നിലത്തു ഊന്നിക്കൊണ്ട് വീടിനകത്തു മുഴുവൻ ഓടി. “എന്തോന്നാ ഇത്  കുഞ്ഞുമ്മ? ഇങ്ങനെയാണോ ഒരു കൊച്ചുകുഞ്ഞിനോട് മറുപടി പറയേണ്ടത്? എന്ന് ചോദിച്ചിട്ട് ഞാൻ അവൻ്റെ പുറകെ ഓടി. തിരിച്ചു വന്നിട്ട് കളിക്കാം എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിട്ട് പോയ ആടിനെ നുറുക്കി കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്നത് കണ്ട കുഞ്ഞുങ്ങളുടെ ഒരു മാനസികാവസ്ഥ എന്തായിരുന്നിരിക്കും. അവരെ രണ്ടുപേരെയും സാന്ത്വനിപ്പിക്കാൻ അന്നെനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

മാടും കോഴിയും മുയലുമൊക്കെ കറി വെച്ച് കഴിച്ചിട്ടുണ്ട്. വീട്ടിൽ വളർത്തിയ കോഴിയേയും താറാവിനേയും അറുത്തു കറിവെച്ചിട്ടുമുണ്ട്. എന്നാൽ അവയോടൊന്നും മാനസികമായ ഒരു അടുപ്പം തോന്നിയിട്ടില്ലാത്തത് കൊണ്ട് തന്നെ അതൊരു വിഷമം തോന്നുന്ന പ്രവർത്തിയായിരുന്നില്ല. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആ മുട്ടനാട് എന്റെയും കുട്ടികളുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു. അതിനെ അറുക്കാൻ വേണ്ടി തന്നെയാണ് നിർത്തിയിരിക്കുന്നത് എന്ന് ബോധമുണ്ടായിരുന്ന എനിക്കും അതിന്റെ വേർപാട് കുറച്ചു ദിവസത്തേക്ക് വിഷമം ഉണ്ടാക്കി. തൻ്റെ മരണം മുന്നിൽ കണ്ടുകൊണ്ടെന്ന പോലെയുള്ള അതിന്റെ രാവിലത്തെ വെപ്രാളവും കണ്ണീരും കണ്ടിട്ടും എനിക്ക് അന്ന്‌ അവൻ്റെ അവസാന ദിവസം ആണെന്ന് ഓർമ വന്നില്ല. അത് നന്നായി, ഇല്ലെങ്കിൽ അന്നത്തെ അംഗനവാടിയിലെ അനുഭവങ്ങൾ ഞങ്ങൾക്ക് സന്തോഷം നല്കുമായിരുന്നില്ല.

ബലി പെരുന്നാൾ വരുമ്പോഴെല്ലാം ആ സംഭവം അറിയാതെ ഓർമയിൽ വരും. ഇപ്പോൾ പറയാൻ രസമുള്ള കഥയാണെങ്കിലും അപ്പോൾ അത് വളരെ വേദനിപ്പിച്ചു, ഞങ്ങൾ മൂന്നുപേരെ മാത്രം. പക്ഷേ ഇപ്പോൾ കുട്ടികൾക്ക് ഇതൊന്നും ഓർമയുണ്ടാവില്ല. അനുവിന്റെ അന്നത്തെ ഒറ്റവിരലിലുള്ള ഓട്ടം ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരും ഒപ്പം അത്ഭുതവും അതെങ്ങനെ സംഭവിച്ചു എന്ന്!

Hazi

Recent Posts

Apna Bana Le Piya Song Lyrics From Bhediya

https://www.youtube.com/watch?v=ElZfdU54Cp8 अरिजीत सिंह की आवाज में जादू हैं। दिन-रात सुनती रहूं तो भी मेरा दिल…

11 months ago

Ishq Bina Kya Marna Yaara Song Lyrics

https://www.youtube.com/watch?v=SqZbGOCuai4 मुझे अभी भी कल की जैसे याद हैं वो दिन जब पहली बार मैंने…

3 years ago

थोड़ी दूर तुम साथ चलो

उम्रभर किसीको कोई साथ न देतातुम थोड़ी दूर तो साथ चलो lमंजिल और राहें दोनों…

3 years ago

सपने बुनते ही रहे है दिल

सपने बुनते ही रहे है दिल मेरे ज़िंदगी के हरेक पल। इससे क्या मिलने को…

3 years ago

Understanding The Silence – Quote by Elbert Hubbard

“He who does not understand your silence will probably not understand your words.” — Elbert…

3 years ago

Honton Se Chhoolo Tum Song Lyrics

प्रेम गीत फिल्म का यह गाना मेरा सर्वकालिक पसंदीदा क्लासिक हिट गाना हैं। प्रेम गीत…

3 years ago

This website uses cookies.