ആറാം ക്‌ളാസ് കുട്ടികൾക്ക് വായന ദിന ക്വിസ് ഉണ്ട് ജൂൺ 19 ന്. കുട്ടി അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസമായി. പലതും ഓർമ്മയിൽ നിൽക്കുന്നില്ല. ഓർത്തു വെക്കാനായി പലതും വിശദീകരിച്ചും ഇന്റർനെറ്റിൽ ചിത്രങ്ങൾ കാണിച്ചു കൊടുത്തും പഠിപ്പിക്കുകയായിരുന്നു. ഭീമസേനൻ കേന്ദ്ര കഥാപാത്രമായി വരുന്ന എം.ഡി യുടെ നോവൽ രണ്ടാമൂഴമാണെന്നു ഓർക്കാൻ പഞ്ചപാണ്ഡവരിൽ രണ്ടാമൻ ഭീമന്റെ കഥ രണ്ടാമൂഴം എന്നോർത്താൽ മതി എന്ന് പറഞ്ഞു കൊടുത്തു.
കുട്ടി: (സംശയത്തോടെ) ഭീമനാ ..!
ഞാൻ: അതെ, പാണ്ഡവരിൽ രണ്ടാമത്തെ ആൾ
കുട്ടി: (വീണ്ടും സംശയത്തോടെ) പഞ്ചപാണ്ഡവരാ ..! കേട്ടിട്ടുണ്ട്, അതാര്?
ഞാൻ: (അത്ഭുതത്തോടെ) ഡാ! നീ മഹാഭാരതം കണ്ടിട്ടില്ലേ?
കുട്ടി: (ശാന്തമായി) സീരിയൽ അല്ലേ? അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ കണ്ടിട്ടില്ല.
ഞാൻ: (നീരസത്തോടെ) മഹാഭാരതവും രാമായണവും വെറും സീരിയൽ അല്ല. നീ കേട്ടിട്ടില്ലേ ഇതുവരെ?
കുട്ടി: (ശാന്തമായി തന്നെ) കേട്ടിട്ടുണ്ട്, എവിടെയാണെന്നറിയില്ല.
ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ മഹാഭാരതവും രാമായണവും അരച്ചു കലക്കി കുടിച്ച ഞാൻ കലി തുള്ളി ” നീ ഭാരതത്തിന്റെ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഭഗവത്‍ഗീതയും ഒന്നും കേട്ടിട്ടില്ലേ?
കുട്ടി: ഇതിഹാസോ! എന്നുവെച്ചാ?
ഞാൻ: നീ എങ്ങനെയാടാ ആറാം ക്‌ളാസിൽ എത്തിയത്! ഇതൊന്നും നീ ഇതുവരെ കേട്ടിട്ടില്ലേ, ഈ ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചിട്ട്? നിന്നെയൊക്കെ പഠിപ്പിക്കാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതി. ഇന്ന് നിന്നെ എല്ലാം പഠിപ്പിച്ചിട്ടേ ഞാൻ ഉറക്കുന്നുള്ളു. വാ ഇവിടെ.
പിടിച്ചിരുത്തി മഹാഭാരതവും രാമായണവും സംഗ്രഹിച്ചു പറഞ്ഞു കൊടുത്തു. വ്യാസനെയും വാല്മീകി വാല്മീകിയായ കഥയും മലയാളത്തിലെ അദ്ധ്യാത്മ രാമായണം എഴുതിയ എഴുത്തച്ഛനേയും കുറിച്ച് വരെ വ്യക്തമാക്കി. എല്ലാം പഠിപ്പിച്ച ശേഷം വീണ്ടും പഴയ ചോദ്യം ആവർത്തിച്ചപ്പോൾ കുട്ടി ആദ്യമായി കേട്ട ഭാവത്തിൽ ഓർമ്മകളിൽ ഊളിയിട്ട് നോക്കിയിട്ട് ശരീരം വളച്ചു തലചൊറിഞ്ഞു.
ഞാൻ: (ദേഷ്യത്തിൽ) പറഞ്ഞില്ലേ ഞാൻ പഞ്ചപാണ്ഡവരിൽ രണ്ടാമൻ ഭീമൻ, അപ്പോൾ രണ്ടാമൂഴം എന്ന് ഓർത്തു വെക്കാൻ?
കുട്ടി: ശരി തന്ന!! (ആ സമ്മതിക്കൽ അവൻ്റെ സ്ഥിരം ശൈലിയാണ്)
കലി ഇളകിയ ഞാൻ ഇനി ഇവനെ മഹാഭാരതം കാണിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് തീരുമാനിച്ചു. ഹോട്സ്റ്റാറിൽ മഹാഭാരതം മലയാളം വെർഷൻ ഇട്ട് പിടിച്ചിരുത്തി കാണിച്ചു. കാണുന്നതിന്റെ ഇടക്ക് എന്റെ വക വിശദീകരണവുമൊക്കെയായി ഏതാനും എപ്പിസോഡ് കഴിഞ്ഞു. സത്യവതി വേദവ്യാസനെ വിളിപ്പിച്ചപ്പോൾ ഞാൻ ആവേശത്തോടെ അവനോട് ചോദിക്കുകയാണ്.
“ങ്ഹാ! വേദവ്യാസനെ ഓർമയുണ്ടല്ലോ അല്ലേ?”
കുട്ടി: വേദവ്യാസനാ!
ഞാൻ: ങേ! നിനക്കോർമ്മയില്ലേ? രാവിലെ ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞതല്ലേ!
കുട്ടി: ഞാൻ കേട്ടിട്ടില്ല.
നിഷ്‌കളങ്കമായ മറുപടി!
കിളി പോയ ഞാൻ കയ്യിലിരുന്ന തലയണ എടുത്തെറിഞ്ഞിട്ടു “എന്താടാ നിനക്ക്? നീ ആളെ കളിയാക്കുവാണോ? വേദവ്യാസനെ നിനക്കറിയില്ല? നീ കേട്ടിട്ടേയില്ല? പിന്നെ നീ നേരത്തെ ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞതെങ്ങനെ?
എന്റെ കലിതുള്ളലിലും ഏറിലുമൊന്നും അവനു അങ്ങനൊരു നാമം ഓർത്തെടുക്കാനായില്ല. എന്റെ രക്തസമ്മർദ്ദം കൂടിയത് മാത്രം ഫലം. നോട്ടുബുക്ക് എടുത്ത് അവനെ കാണിച്ചപ്പോൾ പതിവ് നിസ്സംഗമായ ഉത്തരം തന്നെ “ശരി തന്ന”!!
നീ അപ്പോൾ ഇത്ര നേരം എന്ത് കാണുവായിരുന്നു. വല്ലോം മനസ്സിലാകുന്നുണ്ടോ? ആരാ ഭീഷ്മർ? നിശബ്ദത! ശന്തനുവിന്റെ പുത്രനല്ലേ? ഞാൻ പുരികം ചുളിച്ചു. അതെ എന്നവൻ തലയാട്ടി. എന്നിട്ട് അവൻ്റെ സംശയം പ്രകടിപ്പിക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല. “ശന്തനു ആരാ?”
വീണ്ടും കിളി പോയ ഞാൻ ചോദിച്ചു “ഓഹോ! അപ്പോൾ അതറിയില്ലേ? ഹസ്തിനപുരത്തിലെ രാജാവിനെ നീ കണ്ടില്ലേ ഇത്രനേരം?” ഓർമ വന്നത് പോലെ അവൻ തലയാട്ടി.
തൽക്കാലത്തേക്ക് ചോദ്യം നിർത്തി ശ്രദ്ധിച്ചു കാണാൻ പറഞ്ഞു. രണ്ട് എപ്പിസോഡ് കൂടി കഴിഞ്ഞു ഞാൻ അവൻ്റെ ഓർമ പരീക്ഷിക്കാൻ വീണ്ടും ശ്രമിച്ചു.
“അംബ, അംബിക, അംബാലിക ആരൊക്കെയാ?
കുട്ടി: ങേ! അതൊക്കെ ആര്?
ഞാൻ: അംബയെ എങ്കിലും ഓർമ്മയുണ്ടോ?
കുട്ടി: ഇല്ല
ഞാൻ: ഇത്രനേരവും അംബയുടെ രോഷ പ്രകടനമല്ലേ നീ കണ്ടു കൊണ്ടിരുന്നത്. അംബയാണ് അടുത്ത ജന്മത്തിൽ ശിഖണ്ഡിയായി വരുന്നതെന്നൊക്കെ ഞാൻ പറഞ്ഞു തന്നില്ലേ?
അവൻ്റെ മൗനവും മുഖത്തെ ഭാവവും എന്നെ കൂടുതൽ വിറളി പിടിപ്പിച്ചു. തുടർന്നുള്ള ചില ചോദ്യങ്ങളിൽ നിന്നും അവൻ ടിവിയിൽ നോക്കി മറ്റേതോ ലോകത്തെ കാഴ്ച്ച കാണുവായിരുന്നു എന്ന പരമമായ സത്യം ഞാൻ മനസ്സിലാക്കി. വിരലിലെണ്ണാവുന്ന ഭീഷ്മരെയും പാണ്ഡുവിനേയും ധൃതരാഷ്ട്രരെയും ഒന്നും അവന് ഓർക്കാൻ കഴിയുന്നില്ല. പിന്നെങ്ങനെ ഇനി പാണ്ഡവരെയും കൗരവരെയും കർണനേയും കണ്ണനെയുമൊക്കെ കൂടി ഓർക്കാനാണ്. പണ്ടെന്നോ ആദ്യമായി കണ്ട രാമായണത്തിലെ ലങ്കാദഹനത്തിൻ്റെ ദൃശ്യങ്ങൾ പോലും മായാതെ മനസ്സിൽ കിടക്കുന്ന ഞാൻ അവനെ നമിച്ചു കൊണ്ട് ടീവി ഓഫ് ചെയ്തു പോയി കിടന്നു.
https://www.youtube.com/watch?v=ElZfdU54Cp8 अरिजीत सिंह की आवाज में जादू हैं। दिन-रात सुनती रहूं तो भी मेरा दिल…
https://www.youtube.com/watch?v=SqZbGOCuai4 मुझे अभी भी कल की जैसे याद हैं वो दिन जब पहली बार मैंने…
उम्रभर किसीको कोई साथ न देतातुम थोड़ी दूर तो साथ चलो lमंजिल और राहें दोनों…
सपने बुनते ही रहे है दिल मेरे ज़िंदगी के हरेक पल। इससे क्या मिलने को…
“He who does not understand your silence will probably not understand your words.” — Elbert…
प्रेम गीत फिल्म का यह गाना मेरा सर्वकालिक पसंदीदा क्लासिक हिट गाना हैं। प्रेम गीत…
This website uses cookies.