The woman who influenced me first

The woman who influenced me first

എൻ്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീകൾ വിരളമാണ്. എന്നാൽ ഞാൻ അഭിമാനിക്കുന്ന എവിടെയും തലയെടുപ്പോടെ പറയാൻ ആഗ്രഹിക്കുന്ന ഒന്ന് ഞാൻ ഖദീജ ബീവിയുടെ പേരക്കുട്ടി ആണ് എന്നതാണ്. “ഇടിയപ്പക്കാരി” എന്ന് നാട്ടുകാർ വിളിക്കുന്ന എന്റെ പിതാവിന്റെ ഉമ്മയാണ് എന്നെ സ്വാധീനിച്ച ആ മഹിളാ രത്നം. എല്ലാ മനുഷ്യരിലെയും പോലെ വാപ്പുമ്മാക്കും (അങ്ങനെയാണ് ഞാൻ വിളിച്ചിരുന്നത്) കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഞാൻ കണ്ട നന്മ അത് വാപ്പുമ്മയെ അറിയുന്ന എല്ലാവർക്കും അറിയാമായിരിക്കും. 

ഇപ്പോൾ എല്ലാം അണു കുടുംബം ആണല്ലോ, വീട്ടിൽ നാഴി അരി വെച്ചു കഴിക്കുന്ന കാലം. അന്ന് ആ വീട്ടിലെ വലിയ കലത്തിൽ വെക്കുന്ന ചോറു കഴിക്കാൻ അതുപോലെ അംഗങ്ങളും കൂടുതൽ ഉണ്ടായിരുന്നു. പിന്നെ അവിടെ വന്നിരുന്ന അതിഥികൾ അവർ സ്വന്തക്കാരോ ബന്ധുക്കളോ പരിചയക്കാരോ ആരായാലും അവർക്ക് വിശപ്പകറ്റാൻ അതിൽ ചോറുണ്ടാകും. പിറ്റേന്ന് അത് പഴങ്കഞ്ഞി ആയി പരിണമിക്കുമ്പോൾ ഞങ്ങൾ കുട്ടികളെ വിളിച്ചു അതിൽ രസവും തൈരുമുളകും ഇട്ട് തരുന്നത് അന്ന് വന്ന ഭിക്ഷക്കാർക്കും കൊടുത്തിട്ട് ബാക്കി വന്നതാവും. ഇന്ന് ഭിക്ഷക്കാർ വന്നാൽ വല്ല അഞ്ചോ പത്തോ രൂപ  കൊടുത്താൽ പിറു പിറുത്ത് പോകുന്നത് കാണാം. അന്ന് അഞ്ച് പൈസ കൊടുത്താലും മിണ്ടാതെ വാങ്ങി പോകും. എന്നാൽ സ്ഥിരം പാത്രവും കൊണ്ട് വരുന്ന ചില ഭിക്ഷക്കാരുണ്ടായിരുന്നു. അവർക്ക് അവിടെ വന്നാൽ വിശന്ന് തിരിച്ചു പോകേണ്ടി വരാറില്ലായിരുന്നു.

അതൊരു ചെറിയ വീടായിരുന്നു, വീട്ടിലെ അംഗങ്ങളെ വെച്ച് നോക്കുമ്പോൾ. എല്ലാവർക്കും തനി മുറികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും പുറത്തു നിന്ന് എനിക്കറിയാത്ത ചിലർ അവിടെ പലപ്പോഴും താമസത്തിന് എത്താറുണ്ടായിരുന്നു. അവരെന്തിനു വന്നെന്നോ അവരുടെ ബന്ധം എന്തെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ അഭയം തേടി വരുന്ന ആരെയും ആട്ടി പായിക്കാറില്ലായിരുന്നു എന്ന് മാത്രം അറിയാം. അവർക്കവിടെ എവിടെ വേണമെങ്കിലും കിടക്കാം, ഉള്ളതിൽ പങ്ക് കഴിക്കാം. പിന്നെ ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് അരിക്കാനും പൊടിക്കാനുമൊക്കെ സഹായിക്കേണ്ടി വരും. അത് ചെയ്യാത്ത ആരും ഉണ്ടാവില്ല. ഞങ്ങളുടെയും സ്ഥിരം ജോലി ആയിരുന്നല്ലോ അത്.

എപ്പോഴാണ് വാപ്പുമ്മ ഇടിയപ്പം കച്ചവടം ചെയ്യാൻ തുടങ്ങിയതെന്ന് എനിക്ക് ഒരു പിടിയും ഇല്ല. എൻ്റെ ബാപ്പയും സഹോദരങ്ങളും കുഞ്ഞായിരിക്കുമ്പോഴേ ഇടിയപ്പം കടകളിൽ കൊണ്ട് കൊടുക്കാറുണ്ടായിരുന്നുവത്രേ . വാപ്പ ജനിച്ചത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തായിരുന്നു എന്നാണ് ബാപ്പ പറയാറ്. അതിനർത്ഥം 1947 നു മുൻപ് തന്നെ തുടങ്ങിയിരിക്കണം എന്നല്ലേ? അപ്പോൾ അവർ എന്ത് ചെറുപ്പായിരുന്നിരിക്കണം! അന്ന് മുതൽ സ്വന്തം അധ്വാനം കൊണ്ട് ഒൻപത് മക്കളെയും മരുമക്കളെയും പേരകുട്ടികളെയും മാത്രമല്ല, എത്രയോ ബന്ധുക്കളുടെ കുട്ടികൾക്കും അന്നം വിളമ്പിയിട്ടുണ്ട് വാപ്പുമ്മ. ഒരിക്കലും കൊടുത്തത് വിളിച്ചു പറഞ്ഞു വീമ്പിളക്കാനോ കണക്ക് പറയാനോ പാവം മിനക്കെട്ടിട്ടില്ല. രാപകൽ ആളിക്കത്തുന്ന തീയ്ക്ക് മുന്നിൽ നിന്ന് ഇടിയപ്പം പിഴിഞ്ഞ് എല്ലാവരുടെയും വിശപ്പടക്കുന്ന തിരക്കിൽ എന്നാൽ വാപ്പുമ്മ മക്കളെ വലിയ നിലയിൽ എത്തിക്കാനൊന്നും മിനക്കെട്ടില്ല. എല്ലാവരെയും സ്കൂളിലയച്ചു, അവർക്ക് തോന്നും പോലെ അവർ പഠിച്ചു , ചിലർ പാതിവഴി നിർത്തി. അവിടെയാണ് കുട്ടികളെ വളർത്തുന്നതിൽ വീഴ്ച പറ്റിയത്.

കുട്ടിക്കാലത്തു എൻ്റെ എന്നുമുള്ള സ്ഥിരം ജോലി ഖാജാ ബീഡി വാങ്ങിക്കലായിരുന്നു, വാപ്പുമ്മയുടെ ബ്രാൻഡ് അതായിരുന്നു. വാങ്ങി കൊടുത്താൽ കുറച്ചു കഴിയുമ്പോൾ തന്നെ തീരും. ആൺമക്കൾ അപ്പപ്പോൾ വന്ന് എടുത്തോണ്ട് പോകും. അന്ന് ഞാൻ ചിന്തിക്കാറ് മറ്റ് സ്ത്രീകൾ എന്താ ബീഡി വലിക്കാത്തത് എന്നാണ്. മുറുക്കുന്ന അപ്പുറത്തെ ഉമ്മുമ്മയും ബീഡി വലിക്കുന്ന വാപ്പുമ്മയും ജീവിതം ആസ്വദിക്കുന്നത് പോലെ എല്ലാവരും എന്താ ആകാത്തത് എന്നൊക്കെ അറിവാകുന്നത് വരെ ഞാൻ ചിന്തിച്ചിരുന്നു. ആ ഒരു ദുഃശീലം മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ രാമായണം സീരിയൽ കാണാൻ അയലത്തെ വീട്ടിൽ പോകുമായിരുന്നു. ഇടക്ക് ഇളയ അനുജത്തിയുടെ മകൾ വായിക്കുന്ന വാരികയിലെ നോവലിലെ കഥ പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്. അല്ലാതെ എന്തെങ്കിലും വിനോദം വാപ്പുമ്മക്ക് ഉണ്ടായിരുന്നതായി ഞാൻ കണ്ടിട്ടില്ല.

വാപ്പുമ്മ എപ്പോഴാ വീട്ടിലെ ഭക്ഷണം കഴിക്കുന്നതെന്നു ഞാൻ കണ്ടിട്ടില്ല. രാവിലെ എണീറ്റ് അടുപ്പു കത്തിച്ചു ആദ്യ ഇടിയപ്പ തട്ടുകൾ വെച്ച് കഴിഞ്ഞാൽ ഏകദേശം ആറ് മണിയാവും. അന്നേരം ഞങ്ങൾ ആരെയെങ്കിലും വന്നു വിളിക്കും. ഉറക്കപ്പിച്ചിൽ ബിസ്മി ഹോട്ടലിൽ പോയി ഒരു ചായയും 3  ഇഡ്ഡലിയും ഉള്ളിക്കറിയും പിന്നെ ഒരു ഉഴുന്നുവടയും വാങ്ങി കൊടുക്കും. പിന്നെ പല്ലൊക്കെ തേച്ചു മിനുക്കി വരുമ്പോൾ ഒന്നോ പാതിയോ ഇഡ്ഡലിയും പാതി വടയും ഇച്ചിരി ചായയും വാങ്ങിയ ആളിന് ഇലയിൽ മടക്കി വെച്ചിട്ടുണ്ടാകും. ആ കുഞ്ഞു ഇഡ്ഡലി കഴിച്ചാൽ കൊച്ചു കുഞ്ഞിന്റെ വയർ നിറയുമോന്നു സംശയമാണ് അതു കഴിച്ചു കഴിഞ്ഞു വാപ്പുമ്മ പിന്നെ എപ്പോഴാണോ ഭക്ഷണം കഴിച്ചിട്ടുണ്ടാകുക എന്ന് എനിക്കറിയില്ല. തീച്ചൂള പോലുള്ള അടുപ്പിന് മുൻപിൽ നിന്ന് ആ നെഞ്ചിൽ എപ്പോഴും പൊള്ളുന്ന ചൂടായിരിക്കും.

പ്രായത്തിന്റെ ചുളിവുകൾ വീണെങ്കിലും വളരെ സുന്ദരിയായിരുന്നു. കൊച്ചു ഖദീജ അതിലും സുന്ദരിയായിരുന്നുവത്രേ. കുഞ്ഞിലെ ബ്രാഹ്മിൺസ് കുട്ടികളുടെ സൗന്ദര്യ മത്സരം നടന്നപ്പോൾ അത് കാണാൻ വെള്ളമുണ്ടും മേൽമുണ്ടുമൊക്കെ ഉടുത്തു പോയ കൊച്ചു ഖദീജക്കുട്ടിയെ കണ്ടു ബ്രാഹ്മിൺ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചോ അല്ലാതെയോ ചിത്തിര തിരുനാൾ മഹാരാജാവ് സമ്മാനം നല്കിയത്രെ. സത്യമാണോ ആവോ! ഉമ്മ പറയുന്നത് അത് സത്യമാണെന്നാണ്. സത്യമാണെന്നു വിശ്വസിക്കാനാ എനിക്കിഷ്ട്ടവും, ആള് വെളുവെളുത്ത് സുന്ദരിയായിരുന്നില്ലേ! വാപ്പുമ്മയുടെ വകയിലെ ഒരു സഹോദരിയും അടുത്ത കൂട്ടുകാരിയുമായിരുന്ന ഉമ്മു സൽ‍മ ഉമ്മുമ്മയാണ് ഞങ്ങളോട് ഈ കഥ പറഞ്ഞത്. അന്ന് കിട്ടിയ സമ്മാനം വാപ്പുമ്മയുടെ കയ്യിൽ ഇപ്പോഴും ഉണ്ടാവും ചോദിച്ചു നോക്ക് എന്ന് പറഞ്ഞു. സത്യമാണോ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ "നീങ്ക പോയി വിളയാടുവീങ്കോ പിള്ളേങ്കളെ" എന്ന് പറഞ്ഞു ഒഴിഞ്ഞതേ ഉള്ളു. വാപ്പുമ്മ സംസാരിച്ചിരുന്നത് തമിഴ് കലർന്ന മലയാളമാണ്. ഞാൻ തമിഴാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പണ്ട് തിരുവിതാം കൂറിൽ സംസാരിച്ചിരുന്ന ഭാഷയാണ് അതെന്നു മനസ്സിലായത് സ്കൂളിൽ സി വി രാമൻ പിള്ളൈ എഴുതിയ "ധർമ്മരാജ" എന്ന നോവൽ പഠിച്ചപ്പോഴാണ്. അതിലെ പതിനെട്ടാം നൂറ്റാണ്ടിലെ ഭാഷ മറ്റു കുട്ടികൾക്ക് പുതുമയായിരുന്നപ്പോൾ എനിക്ക് പരിചിതമായിരുന്നു.

വാപ്പുമ്മയെ കുറിച്ച് പറയാൻ ഇനിയും ഒരുപാടുണ്ട് പിന്നെ ഒരു അവസരത്തിൽ ആകാം. ഇന്നത്തെ സ്ഥിതി നോക്കൂ, മാതാപിതാക്കൾ രണ്ടു പേരും കൂടി ജോലിക്ക് പോയാലും സ്വന്തം കുട്ടികളെ തന്നെ വളർത്താൻ പാടുപെടുന്നു. വീട്ടിലെ പ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കാം എന്ന് കരുതുന്നവരാണ് ഞാനുൾപ്പെടെയുള്ള പലരും. എന്നാൽ വീട്ടിലെ പരാധീനതകൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല, തിരമാലകൾ പോലെ ഒന്നിന് പുറകെ ഒന്ന് വന്നു കൊണ്ടിരിക്കും.  മറ്റുള്ളവരെ സഹായിക്കാൻ പിന്നെ എന്ന് സമയം കിട്ടാനാ? 18 വർഷത്തോളമായി ഞാനും ജോലി ചെയ്ത് സമ്പാദിക്കുന്നു. വാപ്പുമ്മ ചെയ്തതിന്റെ ഒരു അണുവോളം സഹായം എനിക്ക് ആർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്നും വാപ്പുമ്മ അന്ന് ചെയ്ത ദാനം ഒരു മഴയായി ഞങ്ങളിൽ വർഷിക്കുന്നുണ്ട്. അന്ന് വാപ്പുമ്മ വിശപ്പടക്കിയ പലരും ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ ഞങ്ങൾക്ക് മുന്നിൽ ദൈവദൂതരെ പോലെ സഹായഹസ്തം നീട്ടുമ്പോൾ ആ പുണ്യ ജന്മത്തെ സ്മരിക്കാതിരിക്കാൻ കഴിയില്ല.

താൻ ചെയ്യുന്ന ഒരു വലിയ നന്മ ഇടത്തെ കൈയ്യെ പോലും അറിയിക്കാതെ, ഒരുപാട് പേരെ തൻ്റെ അന്നന്നത്തെ വിയർപ്പിൽ നിന്ന് ഊട്ടിയ എൻ്റെ വാപ്പുമ്മ തന്നെയാണ് ഞാൻ ആദ്യം കണ്ട നന്മ നിറഞ്ഞ വനിതാ സംരഭകയും എന്നിൽ സ്വാധീനം ചെലുത്തിയ സ്ത്രീ ശക്തിയും.

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.