പുതുവർഷവും റെസൊല്യൂഷനുകളും
പുതിയൊരു വർഷത്തിലേക്ക് നമ്മൾ കാലെടുത്തു വെക്കുവല്ലേ, കുറച്ചു മാറ്റങ്ങൊളൊക്കെ ജീവിതത്തിൽ വരുത്തണ്ടേ? എല്ലാ വർഷത്തെയും പോലെ ഇത്തവണയും പുതുവർഷ റെസൊല്യൂഷൻ പ്ലാൻ ചെയ്തിട്ടുണ്ടോ? എന്തിനാ? പതിവ് പോലെ അതെല്ലാം കൂടിയാൽ ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം കൃത്യനിഷ്ടമായി അനുഷ്ഠിക്കും പിന്നെ ഓർമയിൽ പോലും ഉണ്ടാവില്ല, അതല്ലേ പതിവ്? ഞാനും അങ്ങനെ തന്നെ. എന്റെ റെസൊലൂസുഷൻ പുതിയ ഡയറി സങ്കടിപ്പിച്ചു ആദ്യ കുറച്ചു ദിവസം എഴുതുന്നതിൽ തന്നെ അവസാനിക്കും. പിന്നെ വല്ലപ്പോഴും മാത്രമേ അതെടുത്തു നോക്കാറുള്ളു. അതുപോലെ രാവിലെ നേരത്തെ എണീറ്റ് രാത്രി നേരത്തെ ഉറങ്ങണം എന്നതൊക്കെ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം നടപ്പിലാകില്ല.
2020 നമ്മുടെയെല്ലാം ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ആവശ്യങ്ങളും എല്ലാം തന്നെ മാറ്റി മറിച്ച ഒരു വർഷമാണ്. കുറെയേറെ ദുരിതങ്ങളും ചില സന്തോഷങ്ങളും പുതിയ തിരിച്ചറിവുകളും നൽകി കടന്നു പോകുമ്പോൾ ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചു പോകും. നമ്മുടെ തീരുമാനങ്ങളെ അപ്പാടെ മാറ്റിമറിക്കുന്ന സൃഷ്ടാവിന്റെ തീരുമാനങ്ങളെ നമുക്ക് മറികടക്കാനാവില്ലല്ലോ? എന്നാലും നന്നാവാൻ ഒരവസരം വരുമ്പോൾ അത് പാഴാക്കേണ്ട, ചിലപ്പോൾ നന്നായാലോ.
എന്തൊക്കെയാ താങ്കൾ ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത് ?
ഭൂരിഭാഗം ആൾക്കാരുടെയും പട്ടികയിൽ ആദ്യത്തേത് തടി കുറക്കുമെന്നുള്ള പ്രതിജ്ഞ ആയിരിക്കും. ശരിയല്ലേ?
ദിവസവും മുടങ്ങാതെ നടക്കും. വ്യായാമം, യോഗ തുടങ്ങിയവ ചെയ്യും. കൃത്യമായി ഡയറ്റിങ് ചെയ്യും, ധാരാളം വെള്ളം കുടിക്കും. മധുരവും എണ്ണ പലഹാരങ്ങളും ഒഴിവാക്കും, ധാരാളം പച്ചക്കറികൾ കഴിക്കും തുടങ്ങി പലതും ഉണ്ടാവും അതിൽ. അടുത്ത പ്രധാനപ്പെട്ട ഒരിക്കലും പാലിക്കപെടാത്ത തീരുമാനം പുരുഷന്മാരുടേതാണ്, ചുരുക്കം ചില സ്ത്രീകളും കാണും. മദ്യപാനം, പുകവലി തുടങ്ങിയ ലഹരി ഉപയോഗങ്ങൾ നിർത്തും എന്നത് തന്നെയാണ് അത്.
കൂടുതൽ സമ്പാദിക്കണം, നിലവിലെ കടബാധ്യതകൾ തീർത്തു സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തണം തുടങ്ങിയവ ഒഴിച്ച് കൂടാൻ പറ്റാത്തവയാണ്. കൂടുതലും വരും വർഷത്തിൽ സ്വയം നന്നാവുമെന്ന തീരുമാനം തന്നെയാണ് പലരും ആദ്യം എടുക്കുന്നത്. കൂടുതൽ ആക്റ്റീവ് ആകും, എല്ലാ കാര്യങ്ങളിലും പോസിറ്റീവ് ആയി ചിന്തിക്കും, ആത്മവിശ്വാസം നേടും, സമ്മർദ്ധം കുറയ്ക്കും ശരിയായി ഉറങ്ങും പിന്നെ മുൻകോപവും എടുത്തു ചാട്ടവുമൊക്കെ വെടിഞ്ഞു മര്യാദക്കാരനാകും. പിന്നെ, ഇനി മുതൽ ടീവി കാണുന്നത് കുറച്ചിട്ടു ധാരാളം വായിക്കും. സോഷ്യൽ മീഡിയയിൽ സമയം കുറച്ചു ചിലവാക്കും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കും, ഇടക്ക് അവരൊത്തു പ്രകൃതി സുന്ദരമായ സ്ഥലങ്ങളിലേക്ക് യാത്ര പോകും, അലങ്കാര സസ്യങ്ങൾ വളർത്തും, വീട്ടിൽ കൊച്ചു കൃഷിത്തോട്ടം ഒരുക്കും, പുതിയ പാചക രീതികൾ പഠിക്കും അങ്ങനെ നീണ്ടു പോകും ഓരോരുത്തരുടെയും റെസൊല്യൂഷൻസ്.
ഇത്തവണത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചിലവ കൂടി 2020 നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. അവ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശീലിക്കുക. പതിവായി വീടും പരിസരവും ശുചിയാക്കുക. ഇടക്ക് മൊബൈൽ ഫോൺ കൂടി സാനിറ്റൈസ് ചെയ്യുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാവരും തനിക്കും കൂടെയുള്ളവർക്കും കോവിഡ് വരാതെ പ്രതിരോധിക്കും എന്ന് ദൃഢപ്രതിജ്ഞ എടുക്കേണ്ടത് അനിവാര്യമാണ്.
പുതുവർഷ റെസലൂഷൻ ഒരു വ്യക്തി പുതുവർഷത്തിനായി നൽകുന്ന വാഗ്ദാനമാണ്. നിങ്ങൾ എന്ത് റെസലൂഷൻ തിരഞ്ഞെടുത്താലും വരുന്ന വർഷത്തിൽ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞു പോയ അബദ്ധങ്ങളും തെറ്റുകളും പാളിച്ചകളൊക്കെ മനസ്സിലാക്കി സ്വയം വിമർശനത്തിലും സ്വയം നെഗറ്റീവായ വിലയിരുത്തലിലും ഏർപ്പെടുന്നതിനുപകരം, പരാജയപ്പെട്ട വിഷയങ്ങളിൽ ക്രിയാത്മക മനോഭാവം കാണിച്ചു വരും വർഷം മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. നമുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ളവ തിരഞ്ഞെടുത്ത്, അവ ഗൂഗിൾ കീപ്പ് പോലുള്ള ഏതെങ്കിലും ആപ്പിൽ റിമൈൻഡർ ഇട്ടു ലിസ്റ്റ് ചെയ്യുന്നതും മറ്റാരെയെങ്കിലും കൂടി താൻ ഇക്കാര്യങ്ങൾ ചെയ്യാൻ പോകുന്നുവെന്ന് അറിയിക്കുന്നതും നല്ലതാണ്. നമ്മൾ മറന്നു പോയാലും കളിയാക്കാനായിട്ടെങ്കിലും അവർ നമ്മളെ ഓർമിപ്പിക്കും.
Image Credit: Pixabay