പരിസ്ഥിതി സൗഹൃദ ദീപാവലി

പരിസ്ഥിതി സൗഹൃദ ദീപാവലി

ദീപാവലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കുഞ്ഞുനാളിൽ പടക്കം വാങ്ങാൻ കാശിനു വേണ്ടി വീട്ടുകാരെ ശല്യം ചെയ്തതും പൊട്ടാസ് വാങ്ങി കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നതുമൊക്കെയാണ്. ദീപാവലി ദിവസം അയല്പക്കത്തെ എല്ലാ വീടുകളിലും ഓടി നടന്നു അവിടെ കത്തിക്കുന്ന പൂക്കുറ്റി കണ്ടു രസിച്ചതും ആകാശത്തെ വർണ്ണവിസ്മയങ്ങൾ കണ്ടാസ്വദിച്ചതും മാലപ്പടക്കം പൊട്ടുമ്പോൾ പേടിച്ചോടിയതും എല്ലാം ഇന്നോർക്കുമ്പോൾ രസകരമായ അനുഭവങ്ങളാണ്. പൂത്തിരിയും കമ്പിത്തിരിയും കത്തിക്കാനായിരുന്നു എനിക്കെന്നും ഇഷ്ട്ടം. എന്നാൽ അന്നൊന്നും ഈ ആഘോഷം ആർക്കെങ്കിലും ദോഷം ചെയ്യുന്നതാണെന്ന് അറിവില്ലായിരുന്നു. വയസ്സായവരും ശിശുക്കളും പടക്കം പൊട്ടുമ്പോൾ അസ്വസ്ഥരാകുന്നത് അന്ന് കണ്ടിരുന്നു. എന്നാൽ കുട്ടിത്തം അന്ന് അതിൽ തമാശ മാത്രമേ കണ്ടെത്തിയുള്ളു.

ദീപാവലി എന്നാൽ ദീപങ്ങളുടെ ആവലി എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ പ്രകാശം പരത്തുന്ന ദീപങ്ങളുടെ ഉത്സവം കരിമരുന്ന് പ്രയോഗം കൊണ്ടുള്ള അന്ധകാര ഉത്സവമായി മാറിയിരിക്കുന്നു. ഭാരതത്തിലെ എല്ലാ ജാതി മതത്തിൽ പെട്ടവരും ആഘോഷിക്കുന്ന ഈ മഹോത്സവം അന്നും അതിനു ശേഷമുള്ള ദിവസങ്ങളിലും പല മനുഷ്യർക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു ശേഷമുള്ള ദിവസങ്ങളിലും എത്രപേർ മനസിലാക്കുന്നു? എത്ര പേർ അതറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങുന്നു? 

തിന്മക്കെതിരെ നന്മയുടെ വിജയം ആണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെ വിജയം ദീപങ്ങൾ കൊളുത്തി നാം ആഘോഷിക്കുന്നു. എന്നാൽ അറിവിന്റെ, പ്രകാശത്തിന്റെ, നന്മയുടെ ആഘോഷത്തെ പടക്കങ്ങൾ ഉപയോഗിച്ച് ദോഷകരമാക്കുകയാണ് നാം കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. നാം ബാല്യത്തിൽ അനുഭവിച്ച സന്തോഷങ്ങൾ നമ്മുടെ കുട്ടികൾക്കും അനുഭവിക്കാൻ അവകാശമുണ്ട്. അവർക്ക് അത് നിഷേധിക്കാതെ എന്നാൽ അവരുടെ ആരോഗ്യം കൂടി കണക്കിലെടുത്തു വേണം നാം ദീപാവലി ആഘോഷിക്കേണ്ടത്.

2018 ൽ സുപ്രീം കോടതി പടക്കം വിൽക്കുന്നതു നിരോധിക്കാതെ മലിനീകരണ വസ്തുക്കൾ വളരെ കുറഞ്ഞതും പുകയും ശബ്ദവും പരിമിതപ്പെടുത്തുന്നതുമായ “ഗ്രീൻ പടക്കങ്ങൾ” മാത്രം വിൽക്കാൻ അനുവാദമുണ്ടെന്ന് വിധിച്ചു. കൂടാതെ ദീപാവലിയിൽ 8 മുതൽ 10 വരെ രാത്രിയിൽ പടക്കം കത്തിക്കാൻ മാത്രം അനുവദിച്ചു കൊണ്ട് കോടതി സമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

കോവിഡ്-19 രോഗികളുടെ അവസ്ഥ വഷളാക്കാവുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ ഈ ദീപാവലി സീസണിൽ പല സംസ്ഥാനങ്ങളും പടക്കം നിരോധിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ദില്ലി, സിക്കിം, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പടക്കങ്ങൾക്ക് കടുത്ത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പടക്കം പൊട്ടിക്കാതിരിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന ഒരു ഉപദേശം മാത്രമാണ് നൽകിയിട്ടുള്ളത്. 

പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും വേണ്ടി ദില്ലി നഗരത്തിൽ 30% കുറവ് കണികകൾ പുറപ്പെടുവിക്കുന്നതായി പറയപ്പെടുന്ന "ഗ്രീൻ" പടക്കങ്ങൾ മാത്രം നിർമ്മിച്ച് വിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് "Anti-cracker" കാമ്പയിൻ ആരംഭിച്ചു. എന്നാൽ കോവിഡ്- 19 രോഗികൾക്ക് വായു മലിനീകരണം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ ദില്ലിയിലെ NCT പ്രദേശത്ത് 7.11.2020 മുതൽ 30.11.2020 വരെ എല്ലാത്തരം പടക്കങ്ങളും വിൽ‌പന നടത്തുന്നതിന് “സമ്പൂർണ്ണ നിരോധനം” ദില്ലി വായു മലിനീകരണ മാനേജ്മെൻറ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.


ദീപാവലി ആഘോഷവും മലിനീകരണവും

ഭാരതത്തിന്റെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ ദീപാവലി മനുഷ്യർക്കും സഹജീവികൾക്കും ദോഷം ചെയ്യുന്ന വലിയ തോതിലുള്ള മലിനീകരണങ്ങളാണ് ഉണ്ടാക്കുന്നത്. ദീപാവലി പടക്കങ്ങൾ, പൂക്കുറ്റി, അമിട്ടുകൾ, റോക്കറ്റുകൾ എന്നിവയിൽ നിന്നുള്ള ആവേശം കുറച്ച് നിമിഷങ്ങൾ നീണ്ടുനിൽക്കും, പക്ഷേ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ദോഷകരമായ മലിനീകരണ വസ്തുക്കൾ വായുവിൽ അവശേഷിപ്പിക്കുന്നു, അത് പോലെ തന്നെ ഏറ്റവും കൂടുതൽ പൊള്ളൽ അപകടങ്ങൾ ഉണ്ടാകുന്നതും ദീപാവലിയിലാണ്.

ഏതൊക്കെ തരത്തിലുള്ള മലിനീകരണങ്ങളാണ് ദീപാവലിയിലെ കരിമരുന്ന് ആഘോഷം ഉണ്ടാക്കുന്നതെന്ന് നോക്കാം.

1. വായു മലിനീകരണം 

ദീപാവലി പടക്കങ്ങളിൽ നിന്നുണ്ടാകുന്ന വലിയ തോതിലുള്ള പുക വായു മലിനീകരണം ഉണ്ടാക്കുന്നു. വായു മലിനീകരണ തോത് വർദ്ധിക്കുന്നത് ശ്വാസതടസ്സം, കണ്ണുകളിൽ എരിച്ചിൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. പടക്കങ്ങളിൽ നിന്ന് അന്തരീക്ഷത്തിൽ കലരുന്ന മലിനീകരണങ്ങളായ സൾഫർ ഡയോക്സൈഡ്, ഈയം, മഗ്നീഷ്യം, നൈട്രേറ്റ് എന്നിവ വിവിധ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന കണികകൾ മൂലം ഉണ്ടാകുന്ന കണികാ മലിനീകരണമാണ് ഏറ്റവും ദോഷകരം. 2015 -16 ലെ പഠനത്തിൽ ദില്ലിയിലെ PM2.5 ലെവൽ ദീപാവലിക്ക് ശേഷം വളരെ ഉയർന്ന തോതിൽ കണ്ടെത്തി. പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങളും കണികകളും ഏകദേശം ഒരു ദിവസത്തോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. അത് ശ്വസിക്കുന്നത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വലിയ തോതിൽ ദോഷം ചെയ്യും.

എന്താണ് PM2.5?

മൈക്രോസ്കോപ്പ് കൊണ്ട് മാത്രം കാണാൻ കഴിയുന്ന വായുവിലെ വളരെ ചെറിയ കണങ്ങളാണ് PM2.5 (Particulate Matter 2.5) അതിന്റെ അളവ് വായുവിൽ കൂടുതൽ ആയിരിക്കുമ്പോൾ വായു മങ്ങിയതായി കാണപ്പെടുന്നു. ആരോഗ്യത്തിന് ഏറ്റവും വലിയ അപകടസാധ്യത നൽകുന്നവയാണ് നേർത്ത PM2.5(മനുഷ്യന്റെ മുടിയേക്കാൾ 100 മടങ്ങ് കനംകുറഞ്ഞത്)കണങ്ങൾ. അവ വളരെ ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ അവയ്ക്ക് ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ കഴിയും ചിലത് രക്തചംക്രമണവ്യൂഹത്തിലേക്ക് പ്രവേശിച്ചേക്കാം. ഈ കണികകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ആസ്ത്മ, ഹൃദയാഘാതം, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ ഉത്തേജിപ്പിക്കുകയോ വഷളാക്കുകയോ ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നു. സാധാരണ PM10 കണങ്ങൾക്ക്(മനുഷ്യന്റെ മുടിയേക്കാൾ 25 മുതൽ 100 ​​മടങ്ങ് വരെ കനംകുറഞ്ഞത്) ദോഷം കുറവാണ്.

2. ശബ്‌ദ മലിനീകരണം 

പടക്കങ്ങൾ വലിയ അളവിൽ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. അത് വൃദ്ധർക്കും ശിശുക്കൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അമിതമായ അളവിൽ ശബ്ദ മലിനീകരണം കുഞ്ഞുങ്ങൾ അകാലത്തിലും ഭാരം കുറഞ്ഞും ജനിക്കുന്നതിനു കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടികാട്ടുന്നു. പടക്കം പൊട്ടിക്കുന്നതിൽ നിന്നുള്ള ശബ്ദം 90 ഡെസിബെലിൽ കൂടുതലാണെങ്കിൽ നാഡീ തകരാറുകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ കേൾവിശക്തി നഷ്ടപ്പെടുത്തുകയോ ചെയ്യും. ദീപാവലി സമയത്തു 120 ഡെസിബെൽ വരെ ഉച്ചത്തിൽ പടക്കങ്ങൾ ശബ്ദം ഉണ്ടാക്കുന്നു. അത് ചിലർക്ക് സ്ഥിരമായ കേൾവി നഷ്ടം സമ്മാനിക്കുന്നു. അതുപോലെ തന്നെ, കൂടുതൽ നേരം പടക്കം പൊട്ടിക്കുന്നത് ശ്രവിക്കുന്നവർക്ക്‌ അത് മനസ്സിനെ പ്രകോപിപ്പിക്കുകയും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം.

3. പരിസര മലിനീകരണം 

ദീപാവലി ആഘോഷങ്ങൾ മൂലം ഉണ്ടാകുന്ന മറ്റൊരു പ്രധാന മലിനീകരണമാണ് പരിസര മലിനീകരണം. ദീപാവലി കഴിഞ്ഞാൽ പടക്കങ്ങൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആഴ്ചകളോളം എടുക്കുന്നു. പടക്കങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ജൈവാവശിഷ്ടങ്ങൾ അല്ലാത്തത് കൊണ്ട് നീക്കം ചെയ്യാനും നശിപ്പിക്കാനും പ്രയാസമാണ്. കാലക്രമേണ വിഷമായി തീർന്നു ഭൂമിയെ മലീമസമാക്കുന്നു.


മലിനീകരണം കൂടാതെ എങ്ങനെ ആഘോഷിക്കാം?

  • ദീപാവലി ആഘോഷം കൂട്ടമായി ഒരു പ്രദേശത്തെ കുടുംബങ്ങളോ  കമ്മ്യൂണിറ്റിയോ  ചേർന്ന് ഒന്നിച്ചാഘോഷിക്കാൻ ശ്രമിക്കുക. സംഘടിതമായി ആഘോഷിക്കുമ്പോൾ ചിലവ് കുറയ്ക്കാനും എല്ലാപേർക്കും ഒരുപോലെ ആഘോഷിക്കാനും കഴിയും. അതിനോടൊപ്പം തന്നെ ഒരു സമയം നിശ്ചയിച്ചു ഒരിടത്തു കൂടി ആഘോഷിക്കുമ്പോൾ പരിസര മലിനീകരണം കുറക്കാം വൃദ്ധരേയും കൊച്ചുകുട്ടികളെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ആഘോഷിക്കുകയും ചെയ്യാം. കോവിഡ് കാലത്തു ഈ രീതി പക്ഷേ ഒഴിവാക്കുന്നതാവും നല്ലത്. അല്ലാത്ത കാലഘട്ടത്തിൽ ഇത് ഒരു മികച്ച മാർഗ്ഗം ആണ്.
  • ദീപങ്ങളുടെ ഉത്സവത്തിന് ദീപങ്ങൾ തെളിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ വീടുകൾ അലങ്കരിക്കേണ്ടത് ഇലക്ട്രിക് ലൈറ്റുകൾക്ക് പകരം പരമ്പരാഗത രീതിയിലുള്ള വിളക്കുകൾ ഉപയോഗിച്ചാവണം. മൺവിളക്കുകൾ അഥവാ Diya എണ്ണ ഉപയോഗിച്ച് കത്തിക്കുമ്പോൾ ചുറ്റുമുള്ള കൊച്ചു പ്രാണികളെയും ബാക്റ്റീരിയകളെയും അത് നശിപ്പിക്കുക കൂടി ചെയ്യുന്നു.  മാത്രമല്ല അവ ജൈവവസ്തു ആയതിനാൽ നശിപ്പിക്കാനും പ്രയാസമില്ല. കൂടാതെ വൈദുത ബില്ലും കുറക്കാം എന്നൊരു ഗുണം കൂടി ഉണ്ട്..
  • പടക്കങ്ങൾ കർശനമായി ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനമായ പരിഹാര മാർഗ്ഗം. കൂടുതൽ മലിനീകരണവും ഉണ്ടാകുന്നത് പടക്കം പൊട്ടിക്കുന്നതിലൂടെയാണ്. അഥവാ വാങ്ങുകയാണെങ്കിൽ ഇക്കോ-ഫ്രണ്ട്‌ലി ആയിട്ടുള്ള പടക്കങ്ങൾ വാങ്ങാൻ ശ്രമിക്കുക. അവക്ക് സാധാരണ പടക്കങ്ങളുടെ തന്നെയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമേ ചിലവ് വരികയുള്ളു. റീസൈക്കിൾ ചെയ്ത പേപ്പറുകൾ കൊണ്ട് ഉണ്ടാക്കുന്ന ഇവ കുറഞ്ഞ അളവിൽ മാത്രമേ ശബ്ദമുണ്ടാക്കുകയുള്ളു. അവയിൽ ഗ്രീൻ ലോഗോ ഉണ്ടാകും. എന്നിരുന്നാലും പടക്കങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പരിഹാരം.  
  • പടക്കങ്ങൾ കർശനമായി ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനമായ പരിഹാര മാർഗ്ഗം. കൂടുതൽ മലിനീകരണവും ഉണ്ടാകുന്നത് പടക്കം പൊട്ടിക്കുന്നതിലൂടെയാണ്. അഥവാ വാങ്ങുകയാണെങ്കിൽ ഇക്കോ-ഫ്രണ്ട്‌ലി ആയിട്ടുള്ള പടക്കങ്ങൾ വാങ്ങാൻ ശ്രമിക്കുക. അവക്ക് സാധാരണ പടക്കങ്ങളുടെ തന്നെയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമേ ചിലവ് വരികയുള്ളു. റീസൈക്കിൾ ചെയ്ത പേപ്പറുകൾ കൊണ്ട് ഉണ്ടാക്കുന്ന ഇവ കുറഞ്ഞ അളവിൽ മാത്രമേ ശബ്ദമുണ്ടാക്കുകയുള്ളു. അവയിൽ ഗ്രീൻ ലോഗോ ഉണ്ടാകും. എന്നിരുന്നാലും പടക്കങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പരിഹാരം.  

NB :കോവിഡ് 19 കാലഘട്ടത്തിൽ ഒത്തുചേരൽ അപകടസാധ്യത ഉള്ളതാണ്. ഈയൊരു സമയത്തു കഴിവതും വീടുകളിൽ തന്നെ ആഘോഷിക്കുന്നതാണ് ഏറ്റവും അഭികാമ്യം. അഥവാ ഇത്തരം കൂട്ടായ്‌മ ഒരുക്കുകയാണെങ്കിൽ എല്ലാവരും സാമൂഹിക അകലം പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചു കൊണ്ടും വേണം ഈയൊരു സാഹചര്യത്തിൽ ഇടപെടാൻ.

  • ദീപാവലി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പരിസര മലിനീകരണം. നമ്മുടെ റോഡുകൾ മുഴുവൻ പടക്കങ്ങളുടെ അവശിഷ്ടങ്ങളും പേപ്പറുകളും ആയിരിക്കും. കഴിവതും അവരവർ ഉണ്ടാക്കുന്ന മാലിന്യങ്ങൾ അവർ തന്നെ നീക്കം ചെയ്യാൻ ശ്രമിച്ചാൽ അത്രയും വേഗം റോഡുകളും പരിസരവും ശുചിയാകും.
  • ഭക്ഷണം വിളമ്പാൻ ബയോഡീഗ്രേഡബിൾ പേപ്പറോ  അല്ലെങ്കിൽ പരമ്പരാഗത രീതിയിൽ വാഴയിലയോ ഉപയോഗിക്കുക.

കോവിഡ്- 19 മഹാമാരിയിലെ ദീപാവലിയിൽ ശ്രദ്ധിക്കേണ്ടവ

ഈ വർഷത്തെ ദീപാവലി ആഘോഷ വേളയിൽ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതമായി തുടരാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

  • മാസ്ക് നിർബന്ധമായും ധരിക്കുക. ഉത്സവ സമയത്തു വീട്ടിൽ അതിഥികൾ വരുമ്പോഴും നിങ്ങൾ പ്രിയപെട്ടവരെ കാണാൻ പോകുമ്പോഴും ഇരുകൂട്ടരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ മാസ്‌ക് ധരിക്കുന്നത് അത്യാവശ്യമാണ്.
  • ദീപാവലി സമയത്തു സാനിറ്റൈസർ കഴിവതും ഒഴിവാക്കി സാധരണ രീതിയിൽ സോപ്പോ ഓർഗാനിക് ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുന്നതാണ് ഉചിതം. ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനിറ്റൈസർ പെട്ടെന്ന് കത്തിപ്പിടിക്കാൻ സാധ്യത ഉള്ളതിനാൽ അവ ആ ദിവസങ്ങളിൽ ഒഴിവാക്കുകയും മാറ്റി വെക്കുകയും വേണം.
  • ഇത്തവണ കഴിവതും ഒത്തുകൂടൽ ഒഴിവാക്കുക. വരും ദീപാവലികൾ സന്തോഷകരമായി ബന്ധുക്കളോടും മിത്രങ്ങളോടും കൂടി ആഘോഷിക്കാൻ ഇടവരാൻ പ്രാർത്ഥിച്ചു കൊണ്ട്, ഇത്തവണ കുടുംബത്തോടൊപ്പം വീട്ടിൽ ആഘോഷിക്കുക.

ഇന്ത്യയുടെ ഏറ്റവും സന്തോഷം നിറഞ്ഞ ആഘോഷങ്ങളിൽ ഒന്നായ ദീപാവലി മലിനീകരണം കൊണ്ട് ദോഷകരമാക്കാതിരിക്കാൻ നമുക്ക് കൂട്ടായിട്ട് ശ്രമിക്കാം. പരിസ്ഥിതി നശിപ്പിക്കാൻ ഇടനൽകാത്ത, സഹജീവികൾക്ക് ദോഷം വരാൻ ഇടയാക്കാത്ത ഒരു ഹരിത ദീപാവലി ( Green Diwali) ആഘോഷിക്കാൻ എല്ലാവർക്കും കഴിയട്ടെ.

Image Credit: Image by Ashutosh Goyal from Pixabay

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.