നാം സ്വപ്നം കാണുന്നതെന്തിന്?
Table of Contents
സ്വപ്നം കാണാറുണ്ടോ നിങ്ങൾ? ഉറക്കത്തിൽ സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടോ, സിനിമയിൽ കാണുന്നത് പോലെ? കണ്ട സ്വപ്‌നങ്ങൾ ഉണർന്നു കഴിഞ്ഞാൽ ഓർമ്മ ഉണ്ടാകാറുണ്ടോ? ഏതെങ്കിലും സ്വപ്നം സത്യമായ് ഭവിച്ചിട്ടുണ്ടോ? ചില സ്വപ്‌നങ്ങൾ സത്യം ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അവസാനമായി ഒരു ചോദ്യം കൂടി സ്വപ്നം കാണുന്നത് അവസാനിച്ചു കിട്ടണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, അതുമാത്രമല്ല ഡോക്ടറോട് ഈ സ്വപ്നം കാണലൊന്നു നിർത്തി തരാമോ എന്ന് ചോദിച്ചിട്ടുമുണ്ട്. “ഒരു വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നത് പോലെ മനസ്സിലെ ചിന്തകൾ കവിഞ്ഞൊഴുകുന്നതാണ് സ്വപ്‌നങ്ങൾ. അതിനെ അങ്ങനെ പുറത്തേക്ക് ഒഴുകാൻ അനുവദിക്കുന്നതാണ് നല്ലത്. ആരോഗ്യമുള്ള തലച്ചോറിന്റെ ലക്ഷണമാണ് അത്.” എന്നാണ് ഡോക്ടർ എന്നെ ഉപദേശിച്ചത്.
എന്താണ് ശരിക്കും സ്വപ്നം, ചിന്തിച്ചിട്ടുണ്ടോ?
ഒരു മനുഷ്യൻ തൻ്റെ ജീവിതകാലത്തിൽ ഏകദേശം 6 വർഷം സ്വപ്നം കാണാൻ ഉപയോഗിക്കുന്നു. സിനിമയിൽ കാണുന്നത് പോലെ വ്യക്തമായതും തുടർച്ചയുള്ളതും അല്ല സ്വപ്‌നങ്ങൾ. യുക്തിയില്ലാത്തതും അടുക്കുംചിട്ടയും ഇല്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ സ്വപ്‌നങ്ങൾ നിറമുള്ളതും എന്നാൽ അല്പം മങ്ങിയതുമാണ്. പണ്ടൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് tv യുടെ കാലത്തു സ്വപ്നങ്ങളും അങ്ങനെ തന്നെയായിരുന്നു എന്ന് തോന്നുന്നു. ഞെട്ടിയുണരുന്ന പേക്കിനാക്കൾ (nightmares) ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും സിനിമകളിലും ടീവി സീരിയലുകളിലും മറ്റും കാണുന്നത് പോലെ നിലവിളിച്ചു കൊണ്ട് ഞെട്ടി ഉണർന്ന അനുഭവം നാളിതുവരെ ഉണ്ടായിട്ടില്ല.
വായുവിൽ നിന്ന് എന്തോ എടുത്ത് നന്നായി പൊതിഞ്ഞു നൂല് കൊണ്ട് കെട്ടി കയ്യിൽ തന്നിട്ട് തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങിയ എൻ്റെ സഹോദരന്റെയും “ഞാൻ വരയിടാൻ പോകുന്നു” എന്ന് പറഞ്ഞു അർദ്ധരാത്രി റോഡിൽ പോകാൻ നിന്ന സഹോദരിയുടെയും സ്വപ്‌നങ്ങൾ ഏതു വിഭാഗത്തിൽ പെടുമെന്നറിയില്ല. രാത്രി ഉറങ്ങി കിടക്കുന്ന ഉമ്മാടെ ചെവിട്ടത് ആഞ്ഞടിച്ച ബാപ്പാക്ക് രാവിലെ പറയാനുണ്ടായിരുന്നത് ആരെയോ ഓടിച്ചിട്ടു തല്ലിയ സ്വപ്നത്തെ കുറിച്ചാണ്. യഥാർത്ഥ ജീവിതത്തിൽ ഉറുമ്പിനെ നുള്ളി നോവിക്കാൻ കഴിയാത്ത ആളാണ് സ്വപ്നത്തിൽ ഇങ്ങനെ കാണുന്നത്, അതും പലതവണ.
സ്വപ്‌നങ്ങൾ അങ്ങനെയാണ് നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവസരം കിട്ടാത്തത് കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ ബലഹീനത കൊണ്ടോ നിവർത്തി കേട് കൊണ്ടോ ഭയം കൊണ്ടോ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉറങ്ങുമ്പോൾ തെളിഞ്ഞു വരും. പറക്കാനും പാടാനും നൃത്തം ചെയ്യാനും വരക്കാനും എന്ന് വേണ്ട നമുക്കില്ലാത്ത എന്ത് കഴിവും സ്വപ്നങ്ങളിൽ സാധ്യമാകും. ഒരുപക്ഷേ നമ്മുടെ ഉപബോധമനസ്സിൽ നാം കാണുന്ന സ്വപ്നങ്ങൾക്ക് ഓരോ അർത്ഥങ്ങൾ ഉണ്ടാകാം. കണ്ട കാഴ്ചകളും മനസ്സിലെ ആഗ്രഹങ്ങളും എല്ലാം ഓർമച്ചെപ്പിൽ നിന്ന് എടുത്തു കൂട്ടിയോജിപ്പിച്ചു ഒരു ദൃശ്യമായി മസ്തിഷ്‌കം നമ്മെ കാണിക്കുന്നു. നമ്മൾ കണ്ടതും അനുഭവിച്ചതുമായ കാഴ്ചകൾ ആണ് സ്വപ്‌നങ്ങൾ. ഉദാഹരണത്തിന് ഒരു ജന്മനാ അന്ധനായ വ്യക്തിയുടെ സ്വപ്നത്തിൽ നിറമോ രൂപങ്ങളോ ഉണ്ടാവില്ല. എന്നാൽ ഒരു ചിത്രകാരന്റെ സ്വപ്‌നങ്ങൾ മറ്റുള്ളവരുടെ സ്വപ്നങ്ങളെക്കാൾ നിറമുള്ളതായിരിക്കും.
സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യാൻ ഭയമാണോ? നിങ്ങളെ ദ്രോഹിക്കുന്നവരെ തടയാൻ അല്ലെങ്കിൽ അവരോട് തിരിച്ചു രണ്ട് വാക്ക് പറയാൻ ധൈര്യം കിട്ടുന്നില്ലേ? നിങ്ങളുടെ സ്വപ്നങ്ങളിൽ നിങ്ങൾ നീതിക്ക് വേണ്ടി പോരാടും നിങ്ങളുടെ മനസ്സിലെ ആരോടെങ്കിലും ഉള്ള വിദ്വേഷമെല്ലാം ആ വ്യക്തിയുടെ മുഖത്തു നോക്കി പറയും ചിലപ്പോൾ ദ്വേഷ്യം മുഴുവൻ അവരുടെ മേൽ കൈവെച്ചു തീർക്കും. രാവിലെ ഉണരുമ്പോൾ മനസ്സിലെ ഈർഷ്യയും വിഷമവുമെല്ലാം പോയി മനസ്സിന്റെ ഭാരം വളരെ കുറഞ്ഞിട്ടുണ്ടാവും.
സിഗ്മണ്ട് ഫ്രോയിഡ് മനഃശാസ്ത്ര വിശകലനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡ് തന്റെ സ്വപ്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ പ്രശസ്തനാണ്. ദൈനംദിന ജീവിതത്തിൽ അടിച്ചമർത്തപ്പെടുന്ന നമ്മുടെ അഗാധമായ അബോധാവസ്ഥയിലുള്ള ആഗ്രഹങ്ങളുടെ പ്രകടനമാണ് സ്വപ്നങ്ങൾ എന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായ "The Interpretation of Dreams" എന്ന പുസ്തകത്തിൽ ഫ്രോയിഡ് സ്വന്തം രോഗികളെക്കുറിച്ചുള്ള നിരവധി കേസ് പഠനങ്ങൾ അവതരിപ്പിച്ചു.
ഇതെല്ലാം എങ്ങനെ സാധ്യമാകുന്നു?
ഉറക്കത്തിൽ ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോകുമെന്ന് എല്ലാവർക്കും അറിയാം. ശരീരത്തിലെ മറ്റു ഭാഗങ്ങളെന്ന പോലെ മസ്തിഷ്കത്തിനും വിശ്രമം ആവശ്യമാണ്. എന്നിരുന്നാലും ഉറങ്ങുമ്പോൾ തലച്ചോർ പൂര്ണ്ണമായും തൻ്റെ പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നില്ല. ശാസ്ത്രലോകം ഉറക്കത്തെ രണ്ടായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.
- ദ്രുത നേത്ര ചലന നിദ്ര (Rapid Eye Movement (REM) )
- ദ്രുത നേത്ര ചലന വിഹീന നിദ്ര (Non- Rapid Eye Movement (NREM))
NREM സ്റ്റേജിൽ ഗാഢ നിദ്രയിൽ ആയിരിക്കും. അതായതു ആഴമേറിയ ഉറക്കമാണ് NREM ഉറക്കം (DEEP SLEEP STAGE). ഇതിൽ ചുറ്റും നടക്കുന്നതൊന്നും അറിയുകയില്ല. ഇവരെ ഉണർത്താനും വളരെ പ്രയാസമായിരിക്കും. NREM ഉറക്കത്തിൽ ശരീരം വിശ്രമിക്കുന്നതിനോടൊപ്പം മസ്തിഷ്കവും തൻ്റെ പ്രവർത്തനങ്ങൾ കുറക്കുന്നു. ഈ ഘട്ടത്തിൽ സ്വപ്നങ്ങളും സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങളും ഉണ്ടാകാം. ഈ സമയത്തു കാണുന്ന സ്വപ്‌നങ്ങൾ ഉണർന്നാൽ ഓർമ്മയിൽ ഉണ്ടാവുകയില്ല. കൂടുതലും കുട്ടികൾക്കാണ് സ്വപ്‌നാടനം ഉണ്ടാകാറുള്ളത്.
REM ഉറക്കം എന്നാൽ സ്വപ്‌നങ്ങൾ കാണുന്ന ഘട്ടമാണ് (DREAM SLEEP STAGE). ഈ ഉറക്കത്തിൽ മസ്തിഷ്‌കം വളരെ ആക്റ്റീവ് ആയിരിക്കും. REM സൂചിപ്പിക്കുന്നത് നിങ്ങൾ സ്വപ്നത്തിലേക്ക് പ്രവേശിക്കുകയാണ് എന്നാണ്. ഒരു സിനിമ കാണുന്നത് പോലെ സ്വപ്നം കാണുന്ന സമയത്തു അടഞ്ഞ കൺപോളകൾക്ക് ഉള്ളിൽ കൃഷ്ണമണികൾ ഇരുവശങ്ങളിലേക്കും ഉരുണ്ടു കൊണ്ടിരിക്കും. ഉണരുന്നതിനു തൊട്ടു മുൻപ് കാണുന്ന സ്വപ്നം വളരെ സ്പഷ്ടം ആയിരിക്കുമെന്നതിനാലാണ് അവ ഓർക്കാൻ കഴിയുന്നത്.
REM ഉറക്കം ഓർമ്മകളും ചിന്തകളും ക്രമീകരിക്കുന്നതിനും പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ തലച്ചോറിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ശിശുക്കൾ അവരുടെ പകുതി സമയവും REM ഉറക്കത്തിലാണുണ്ടാവുക. ശാസ്ത്രജ്ഞർ കരുതുന്നത് സ്വപ്നങ്ങൾ അവരെ പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്നു എന്നാണ്.
തലച്ചോറിന്റെ വലതു ഭാഗം ഭാവനയ്ക്കും സർഗ്ഗാത്മകതക്കും ഉള്ളതാണെങ്കിൽ ഇടതുഭാഗം യുക്തിക്കുള്ളതാണ്. സ്വപ്നത്തിൽ ഇരുഭാഗങ്ങളിൽ നിന്നുമുള്ള സിഗ്നലുകൾ ഉണ്ടാകും. അതിനാൽ സാധാരണയായി വാക്കുകളിൽ പ്രകടിപ്പിക്കുന്നവ ദൃശ്യമായി കാണുകയും ദൃശ്യപരമായവ സ്വപ്നത്തിലെ വാക്കുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
നാം സ്വപ്നം കാണുന്നതെന്തിന്?
എല്ലാവരും സ്വപ്നം കാണുന്നവരാണ്. പലപ്പോഴും സന്തോഷം നിറഞ്ഞതാകാം. വീട്ടുകാരോടും കൂട്ടുകാരോടും കൂടിയുള്ള സന്തോഷ നിമിഷങ്ങൾ ഇല്ലെങ്കിൽ സാഹസികത നിറഞ്ഞത്, ചിലപ്പോൾ ഭയപ്പെടുത്തുന്ന പേക്കിനാക്കൾ എന്നിങ്ങനെ സ്വപ്‌നങ്ങൾ പലതരം ഉണ്ട്. സ്വപ്‌നങ്ങൾ നമ്മുടെ മസ്തിഷ്‌കം ശരിയായി പ്രവർത്തിക്കുന്നു എന്നതിൻറെ ലക്ഷ്‌ണമാണ്.
ഒരു വിഷയത്തെ കുറിച്ച് അമിതമായി ചിന്തിച്ചു കിടന്നാൽ അത് സ്വപ്നത്തിന്റെ ഭാഗമാകും. അടുത്ത ദിവസം ദൂരയാത്രക്ക് തയ്യാറെടുത്തു കിടന്നാൽ അലാറം മുഴങ്ങുന്നതിനു മുൻപ് തന്നെ എഴുന്നേൽക്കാൻ വൈകിയെന്നും തീവണ്ടിയോ ബസോ കിട്ടാതെ യാത്ര മുടങ്ങിയതായും കണ്ട് ഞെട്ടി ഉണരാം. കണക്ക് പരീക്ഷയുടെ തലേന്ന് എത്ര ചെയ്തിട്ടും ശരിയാകാത്ത കണക്ക് സ്വപ്നത്തിൽ ശരിയാകും. ജോലിസ്ഥലത്തെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് സ്വപ്നത്തിൽ ചിലപ്പോൾ പരിഹാരം കണ്ടെത്താനാകും അല്ലെങ്കിൽ അതിലേക്കുള്ള സൂചനകൾ ലഭിക്കും. നമ്മുടെ ഭൂതകാല അനുഭവങ്ങൾ പുതിയ ഭാവത്തിൽ സ്വപനത്തിന്റെ ഭാഗമാകും. ഇതിനെല്ലാം കാരണം നമ്മുടെ മസ്തിഷ്കമാണ്. നമ്മൾ ഉണർന്നിരിക്കുമ്പോൾ കൊടുക്കുന്ന വിവരങ്ങളുടെ അമിതഭാരം കൊണ്ട് തലച്ചോറിന് ഉടനെ തന്നെ അവയ്ക്കെല്ലാം നടപടി എടുക്കാൻ കഴിയില്ല. അപ്പോൾ അവയെല്ലാം രാത്രിയിൽ ഉറങ്ങുമ്പോൾ പ്രോസസ്സ് ചെയ്യുന്നത് കൊണ്ടാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടാണ് ഉറങ്ങുന്നതിനു മുൻപ് പഠിക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് രാവിലെ നന്നായി ഓർക്കാൻ കഴിയുന്നത്. സ്വപ്നങ്ങളിലൂടെ നമുക്ക് വേദനകളും ദുരനുഭവങ്ങളും മറക്കാൻ സാധിക്കുമെന്ന് കരുതുന്നവരുമുണ്ട്. അതിലെത്ര സത്യമുണ്ടെന്നറിയില്ല.
സ്വപ്നങ്ങൾ രസകരം മാത്രമല്ല അത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായത് കൂടിയാണ്. മസ്തിഷ്‌കം സ്വപ്നങ്ങളിലൂടെ ശരീരത്തിലെ ചില പ്രധാനപ്പെട്ട കാര്യങ്ങളുടെ സൂചനകൾ ആശയവിനിമയം ചെയ്യാറുണ്ട്. ഉറക്കത്തിൽ നിങ്ങൾക്കത് മനസ്സിലാകണമെന്നില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങൾ ഒരു രോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള ഒരു സൂചനയായിരിക്കാം. ശ്വാസം മുട്ട് ഉള്ള വ്യക്തി തന്നെ ആരോ കഴുത്തു ഞെരിച്ചു കൊല്ലാൻ പോകുന്നതായി സ്വപ്നം കാണാം. വയറിനു അസ്വസ്ഥത ഉള്ള ഒരാൾ താൻ അതേ അവസ്ഥയിലാണെന്ന് സ്വപ്നം കാണാം. നല്ല പനിയുള്ള ഒരാൾ താൻ നെരിപ്പോടിനടുത്താനെന്നോ അടുപ്പിനരികിലാണെന്നോ കണ്ടെന്നു വരാം. അതുപോലെ ബാഹ്യ ഉദ്ദീപനങ്ങളും നിങ്ങളുടെ സ്വപ്നങ്ങളെ സ്വാധീനിക്കും. ഉറങ്ങി കിടക്കുമ്പോൾ തൂവലോ മറ്റോ കൊണ്ട് മുഖത്തു ഉരസുകയാണെങ്കിൽ വളർത്തു പൂച്ച മുഖത്തു വാൽ ഉരസുന്നപോലെയോ മറ്റോ കാണാം. ഒരിക്കൽ എന്റെ വിരൽ ആരോ മുറിക്കാൻ ശ്രമിക്കുന്നതായി കണ്ട് ഞാൻ ഉണർന്നപ്പോൾ കണ്ടത് ഒരു പാറ്റ എൻ്റെ വിരലിൽ മാന്തുന്നതാണ്.
സ്വപ്നങ്ങൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ?
സ്വപ്നങ്ങളെ കുറിച്ചും അതിൻ്റെ അർത്ഥങ്ങളെക്കുറിച്ചും ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് സ്വപ്നവ്യാഖ്യനങ്ങൾ വിപണിയിൽ വാങ്ങാൻ കിട്ടും. പല മതത്തിലും സംസ്‍കാരത്തിലും സ്വപ്നങ്ങൾക്ക് വ്യക്തമായ അർത്ഥങ്ങൾ കല്പിച്ചിട്ടുണ്ട്. സ്വപ്നത്തിൽ കാണുന്ന മൃഗങ്ങൾക്കും വസ്തുക്കൾക്കും അതിൻ്റെ സ്വഭാവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം എന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് നായയെ കാണുകയാണെങ്കിൽ ആത്മാർത്ഥതയും സൗഹൃദത്തിനെയും സൂചിപ്പിക്കുന്നു. പാമ്പിനെ കാണുകയാണെങ്കിൽ അടുത്ത് നിൽക്കുന്നവരിൽ നിന്ന് ചതിയുണ്ടാകുമെന്നു വിശ്വസിക്കുന്നു.. അതുപോലെ ആകാശത്തു പറക്കുന്നതിനും താഴേക്ക് വീഴുന്നതിനും ആരെങ്കിലും പിന്തുടരുന്നതായോ ആക്രമിക്കുന്നതായോ കാണുന്നതിനെല്ലാം ഓരോ അർത്ഥങ്ങൾ എല്ലാ സംസ്കാരത്തിലും കല്പിച്ചിട്ടുണ്ട്. തന്റെയോ മറ്റാരുടേയെങ്കിലുമോ മരണം കാണുന്നത് ഏതിന്റെയെങ്കിലും അവസാനം സൂചിപ്പിക്കാനാവാം, എന്നാൽ അത് മരണത്തെയല്ല സൂചിപ്പിക്കുന്നത്. പഠനമോ, ജോലിയോ അതുപോലെ എന്തുമാവാം. മരണം കല്യാണത്തെ സൂചിപ്പിക്കുന്നു എന്നാണ് ചിലർ വിശ്വസിക്കുന്നത് ഒരുപക്ഷേ ഒരു ജീവിത ചക്രം അവസാനിച്ചു മറ്റൊന്നിലേക്ക് പ്രവേശിക്കുന്നത് കൊണ്ടാവാം.
പ്രാഥമിക ആവശ്യങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതായി കാണുന്ന സ്വപ്നം സൂചിപ്പിക്കുന്നത് നമ്മുടെ ഉള്ളിൽ മറ്റുള്ളവരോട് തുറന്നു കാണിക്കാൻ കഴിയാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നതാണ്. നമ്മുടെ മനസ്സ് ആരോടെങ്കിലും ഒന്ന് തുറന്നു ആ വീർപ്പുമുട്ടൽ അകറ്റാനുള്ള സൂചനയാണ് അത്. പരീക്ഷാസമയത്തു പഠിച്ചതെല്ലാം മറന്നു പോയെന്നോ ബസ് മിസ്സായെന്നോ ഒക്കെയുള്ള സ്വപ്‌നങ്ങൾ നമുക്ക് നമ്മുടെ മസ്തിഷ്കം നൽകുന്ന ഉപദേശങ്ങളാണ്. നിങ്ങൾ നല്ലതു പോലെ തയ്യാറെടുത്തിട്ടില്ലാത്തതോ ആത്മവിശ്വാസം ഇല്ലാത്തതോ ആണ് അതിനു കാരണം.
സ്വപ്നം നിയന്ത്രിക്കാനാവുമോ?
സ്വപ്നത്തെ നിയന്ത്രിക്കാൻ ലൂസിഡ് ഡ്രീം വഴി സാധിക്കും. സ്വപ്നം കാണുന്നയാൾക്ക് ഇതൊരു സ്വപ്നമാണെന്ന് തിരിച്ചറിവുണ്ടായിരിക്കുന്ന സ്റ്റേജ് ആണ് ലൂസിഡ് ഡ്രീം . ആ സമയത്തു സ്വപ്നത്തിൽ അയാൾക്ക് ഇഷ്ടമുള്ളത് പോലെ മാറ്റങ്ങൾ വരുത്താനാവും. ഭയപ്പെടുത്തുന്ന കിനാക്കൾ കണ്ടു ശീലിച്ചവർക്ക് അത്തരത്തിലുള്ള സ്വപ്‌നങ്ങൾ വീണ്ടും കാണുമ്പൊൾ ഇത് വെറും സ്വപ്നമാണെന്നും ഭയപ്പെടേണ്ടതില്ല എന്നും മനസ്സിലാകും. ഞാൻ കാണുന്ന സ്ഥിരം സ്വപ്നങ്ങളിൽ ഒരു പ്രധാന പേടിപ്പെടുത്തുന്ന വിഷയം വെള്ളമാണ്. റോഡിലൂടെ നടക്കുമ്പോൾ ശക്തിയോടെ വെള്ളം ഒഴുകി വരിക , വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ സുനാമി വന്നു വെള്ളത്തിൽ മുങ്ങുക, കിണറ്റിനുള്ളിലേക്ക് വീഴുക ഇതെല്ലാമാണ് സ്ഥിരമായി എൻ്റെ മസ്തിഷ്കം എനിക്ക് കാട്ടിത്തരുന്നത്. ഇപ്പോൾ അത് സ്വപ്നമാണെന്നും എനിക്കൊന്നും സംഭവിക്കുകയില്ല എന്നും എനിക്ക് സ്വപ്നത്തിലും നല്ല ബോധ്യം ഉണ്ടാകും.
പേടിപ്പെടുത്തുന്ന കിനാക്കൾ കാണുമ്പോൾ ലൂസിഡ് ഡ്രീം ഒരു അനുഗ്രഹമാണ്. തലയ്ക്കു മീതെ തിരമാലകൾ ഉയർന്ന ഘട്ടത്തിൽ ഭയന്ന് കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഞാൻ അത് ഒരു സ്വപ്നമാണല്ലോ എന്നോർക്കുകയും വെള്ളമില്ലാത്ത മറ്റൊരു പ്രദേശത്തേക്ക് എന്റെ സ്വപ്ന പശ്ചാത്തലം കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട ആളെ കാണുമ്പോൾ അത് കിനാവാണെന്നു മനസ്സിലാവുകയാണെങ്കിൽ അത് നമ്മൾ സ്നേഹിക്കുന്ന വ്യക്തിയാണെങ്കിൽ ആ സ്വപ്നം തീരാതിരിക്കാൻ ശ്രമിക്കും അല്ലെങ്കിൽ അതിൽ നിന്ന് വ്യതിചലിച്ചു മറ്റൊരു ദിശയിലേക്ക് സ്വപ്നത്തെ മാറ്റിവിടാൻ ശ്രമിക്കും. സ്വപ്‌നമാണെന്ന് തിരിച്ചറിവുണ്ടായാൽ ആ സ്വപ്നത്തെ ആഗ്രഹിക്കുന്ന രീതിയിൽ ഒരു പരിധി വരെ കൊണ്ട് പോകാൻ കഴിയും. അത്തരം സ്വപ്‌നങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നുവെങ്കിലും ലൂസിഡ് സ്വപ്‌നങ്ങൾ വളരെ പരിമിതമായേ കാണാറുള്ളു. ഇതെന്റെ കാര്യമാണ് , മറ്റുള്ളവർക്ക് ലൂസിഡ് ഡ്രീംസ് എങ്ങനെ എത്രത്തോളം കാണാൻ കഴിയുന്നുവെന്നതിനെ പറ്റി എനിക്ക് വലിയ ധാരണ ഇല്ല. കാരണം അങ്ങനെ കണ്ട അനുഭവം എന്റെ സഹോദരൻ മാത്രമേ എന്നോട് പങ്ക് വെച്ചിട്ടുള്ളു.
സ്വപ്നം കണ്ട ഉടൻ ഉണർന്നു ഓർമയിൽ ഉള്ളതെല്ലാം എഴുതി വെക്കുകയാണെങ്കിൽ ലൂസിഡ് ഡ്രീമിങ്ങിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാമത്രേ. നിങ്ങൾ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന വ്യക്തിയാണെങ്കിൽ ദിവസവും രാവിലെ ഉണർന്ന് സ്വപ്നം രേഖപ്പെടുത്തുന്നത് നന്നായിരിക്കും. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളറിയാതെ സ്വയം സമയം കൊടുക്കുകയാണ്. അത് പിന്നീടുള്ള ദിനങ്ങളിൽ നിങ്ങളറിയാതെ തന്നെ മാറ്റം ഉണ്ടാക്കും.
ഉറക്ക പക്ഷാഘാതം (Sleep Paralysis)
സ്വപ്നത്തിനും ഉണർവിനും ഇടക്കുള്ള അവസ്‌ഥയാണ് ഉറക്ക പക്ഷാഘാതം അഥവാ Sleep Paralysis. REM സ്റ്റേജിൽ നിങ്ങൾക്ക് അനങ്ങാൻ കഴിയില്ല. ഉറക്കത്തിലേക്ക് വീഴുന്ന അല്ലെങ്കിൽ ഉണരുന്നതിനു മുൻപുള്ള സമയത്തു ആണ് ഇത് സംഭവിക്കുന്നത്. ആ സമയത്തു നമ്മൾ ഉണരണമെന്നു അതിയായി ആഗ്രഹിക്കും പക്ഷേ അനങ്ങാൻ കഴിയില്ല. ആ സമയത്തു കാണുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ വിഭ്രാന്തി അഥവാ hallucination ഉണ്ടാക്കുന്നു. അടുത്ത് ഏതോ പിശാച് ഉള്ളത് പോലെയോ പേടിപ്പെടുത്തുന്ന ശബ്ദങ്ങളോ ഒക്കെ അനുഭവപ്പെടാം. എന്നാൽ കണ്ണ് തുറക്കാനോ ഓടാനോ ഉച്ചത്തിൽ നിലവിളിക്കാനോ കഴിയില്ല. നമ്മുടെ കയ്യും കാലും കെട്ടിയിട്ടത് പോലെയോ നമ്മുടെ പുറത്തു അനങ്ങാൻ വയ്യാത്ത വിധം ആരോ ചുറ്റിവരിഞ്ഞു കിടക്കുന്നതു പോലെയോ അനുഭവപ്പെടും. ഉൽക്കണ്ഠ, സമ്മർദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഇതിനു കാരണം. ഇത്തരം സ്വപ്‌നങ്ങൾ ഭയപ്പെടുത്തുമെങ്കിലും ദോഷകാരിയല്ല.
ചില ദിവസങ്ങളിൽ രാവിലെ അത്യാവശ്യ ജോലി കഴിഞ്ഞു ഓഫീസിൽ പോകുന്നതിന് മുൻപായി വളരെ ക്ഷീണം ഉണ്ടെങ്കിൽ ചിലപ്പോൾ അരമണിക്കൂർ അലാറം വെച്ച് അല്പം മയങ്ങി എണീക്കാറുണ്ട്. ഓഫീസിൽ പോകണമെന്നുള്ള ചിന്തയിൽ കിടക്കുമ്പോൾ ഞാൻ ഉറങ്ങിപോയാൽ താമസിച്ചു പോകുമല്ലോ, അലാറം സമയത്തു അടിക്കുമോ, അത് കേൾക്കാതെ ഞാൻ ഉറങ്ങുമോ എന്നൊക്കെയുള്ള ചിന്തകൾ ആയിരിക്കും മനസ്സിൽ. ആ സമയത്തു hallucination പതിവാണ് എനിക്ക്. കണ്ണ് തുറന്നാൽ ഞാൻ കാണുന്ന അതേ പശ്ചാത്തലം തന്നെയാവും സ്വപ്നത്തിലും. ചുറ്റും നടക്കുന്നത് അറിയുന്നുണ്ടാവും, ശബ്ദങ്ങൾ കേൾക്കുന്നുണ്ടാവും. എന്നാൽ കൈകാൽ ബന്ധിക്കപ്പെട്ടതു പോലെയും മുന്നിൽ ഒരു രൂപവും കാണും. ഭയന്ന് നിലവിളിക്കാൻ ശ്രമിച്ചാൽ നാവു പൊങ്ങില്ല. അലാറം കേൾക്കുമ്പോൾ ഞാൻ ഉണരുകയും എന്റെ ശരീരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലാകുകയും ചെയ്യും.
സ്വപ്നം സത്യമാകുമോ?
ശരിയായ ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. ഞാൻ കണ്ട പല സ്വപ്നങ്ങളും പലപ്പോഴും സത്യമായി ഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ അത് വെറും ആകസ്മികം മാത്രം ആവാം. സ്കൂൾ ബസ് മറിഞ്ഞതായി കണ്ടപ്പോൾ ഞങ്ങൾ സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന KSRTC ബസ് പോസ്റ്റിലിടിച്ചതും വെള്ളപ്പൊക്കം കാണുമ്പോഴെല്ലാം അതേ വാർത്ത പിറ്റേന്ന് കേൾക്കേണ്ടി വരുന്നതും സ്വപ്നത്തിൽ പതിവില്ലാതെ കാണുന്ന ബന്ധുക്കൾ അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നു വരുന്നതും മരണപ്പെട്ട ഒരാളുമായി ഒരു വ്യക്തി സംസാരിക്കുന്നത് കണ്ടപ്പോൾ ആ വ്യക്തി താമസിയാതെ മരണപ്പെട്ടതും എല്ലാം ആകസ്മികം മാത്രം ആകാം.
അങ്ങനെ തന്നെ ആകട്ടെ, ശരിക്കും എന്റെ എല്ലാ സ്വപ്നങ്ങളും ഫലിച്ചിരുന്നുവെങ്കിൽ ഈ ലോകം തന്നെ ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ പറയാൻ കാരണമുണ്ട്. എത്രയോ തവണ ഒന്നിൽ കൂടുതൽ സൂര്യചന്ദ്രന്മാരെ ആകാശത്തു കണ്ടിരിക്കുന്നു. നക്ഷത്രങ്ങൾ ഉരുകി വീഴുന്നതായും വിമാനം കത്തിവീഴുന്നതായും ലോകമഹായുദ്ധങ്ങൾ നടക്കുന്നതായും സുനാമിയിൽ ലോകം മുഴുവൻ നശിക്കുന്നതായും കണ്ടിരിക്കുന്നു. “2012” എന്ന സിനിമയുടെ ട്രൈലെർ ആദ്യമായ് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ എൻ്റെ തന്നെ സ്വപ്നം കാണുന്നതായിട്ടാണ്. ഉറ്റവരെല്ലാം എൻ്റെ കണ്മുന്നിൽ തന്നെ നഷ്ടപ്പെടുന്നത് കണ്ട് വാവിട്ടു കരഞ്ഞു ദുഃഖം സഹിക്കാനാവാതെ ഉണർന്നിട്ടുണ്ട്. കണ്ണ് തുറക്കുമ്പോൾ മുകളിലെ മച്ചു കാണുമ്പോൾ താൻ ജീവിച്ചിരിപ്പുണ്ടെന്നും എൻ്റെ വീട് അവിടെത്തന്നെ ഉണ്ടെന്നും എല്ലാം വെറും പേക്കിനാവ് മാത്രം ആയിരുന്നു എന്നും അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതിരില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു സ്വപ്നവും ഒരിക്കലും ഫലിക്കാതിരിക്കട്ടെ.
Dreams Therapy
ഉണർന്നിരിക്കുമ്പോഴുള്ള ഒരാളുടെ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ എന്താണ് പറയുന്നതെന്ന് മനസിലാക്കുന്ന പ്രക്രിയയാണ് ഡ്രീം തെറാപ്പി. താരതമ്യേന ലളിതമായ പ്രക്രിയയാണ് ഇത്. ഓരോ ദിവസവും രാവിലെ ഉണരുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ കുറിച്ച് വെക്കുകയും വിവരങ്ങൾ നിങ്ങളുടെ തെറാപ്പിസ്റ്റിന് കൈമാറുകയും ചെയ്യും. തെറാപ്പിസ്റ്റ് ആ സ്വപ്നങ്ങളെ വിവർത്തനം ചെയ്തു അത് ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കി തരുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ഒരു സ്വപ്ന ചികിത്സകന് നിങ്ങളെ സഹായിക്കാനാകും. ഈ സ്വപ്നങ്ങളെ നാടുകടത്തുന്നതിന് നിങ്ങൾക്ക് പരിഹരിക്കപ്പെടേണ്ട ഒരു അടിസ്ഥാന പ്രശ്‍നം ഉണ്ടായിരിക്കാം. ഒരു തെറാപ്പിസ്റ്റിന്റെ സഹായത്തോടെ, ഈ സ്വപ്നങ്ങൾക്ക് കാരണമാകുന്നതെന്താണെന്നും അവ എങ്ങനെ മാറ്റിയെഴുതാമെന്നും നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. ഇത് മൂലം കൂടുതൽ സമാധാനപരമായ ഉറക്കത്തിനും സന്തോഷകരമായ ഉണർന്നിരിക്കുന്ന ജീവിതത്തിനും സാധിക്കും.
ഞാൻ ഹോമിയോപ്പതി ചികിത്സയിൽ ആയിരുന്നപ്പോൾ ഡോക്ടർ സ്ഥിരമായി എൻ്റെ സ്വപ്നങ്ങളെ കുറിച്ച് ചോദിക്കുമായിരുന്നു. കണ്ട സ്വപ്‌നങ്ങൾ പങ്കു വെക്കുന്നത് കുഞ്ഞു നാളിലെ എനിക്ക് വളരെ താല്പര്യം ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു ശ്രോതാവിനെ കിട്ടിയ സന്തോഷത്തിൽ വാചാലയായി ഞാൻ കണ്ടതെല്ലാം വിശദീകരിക്കും. അത് കേട്ട് കൂടെ നിൽക്കുന്ന സ്റ്റുഡൻറ്സും നഴ്‌സും ചിരിയടക്കാൻ പാടുപെടുന്നത് കാണാം. പക്ഷെ ഡോക്ടർ വളരെ ഗൗരവത്തിൽ തന്നെ മുഴുവൻ കേൾക്കും. അതിനു ശേഷമാണ് മരുന്ന് നിർദ്ദേശിക്കുക.
ഉറങ്ങാൻ നേരം നല്ല ചിന്തകളോട് കൂടി കിടക്കുകയാണെങ്കിൽ നമ്മുടെ കിനാവുകളും നല്ലതാവും. മനോഹരമായ സംഗീതം ശ്രവിച്ചു കൊണ്ട് ഉറങ്ങുന്നതും ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും സുന്ദര സ്വപ്നങ്ങൾ കാണാനുള്ള വഴികളാണ്.
സ്വപ്നങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്, ഇപ്പോഴും തുടരുന്നു. ഇനിയും ഒരുപാട് മനസ്സിലാക്കാനുണ്ട്. നമ്മുടെ നിദ്രകളിൽ നിറമുള്ള സന്തോഷം പകരുന്ന സ്വപ്നങ്ങൾ എന്നും ഉണ്ടാവട്ടെ, രസകരമായ ഒരു കഥ പോലെ അടുത്തയാൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന സുന്ദര സ്വപ്നങ്ങൾ.
Image credits: pixabay.com