ആകാശവാണിയും ബാല്യവും

ആകാശവാണിയും ബാല്യവും

പഠിക്കുന്ന കാലത്ത് രാവിലെ 5 മണിക്ക് എണീറ്റിരുന്നു പഠിക്കുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. ചാല കമ്പോളത്തിലെ പോലെ കലപിലയും ഇടക്കാരൊക്കെയോ എന്തോ ഉച്ചത്തിൽ പ്രസംഗിക്കുന്നത് പോലെയുമൊക്കെ കേട്ട് ഉണരുമ്പോഴാണ് അത് നമ്മുടെ സ്വന്തം റേഡിയോയിലെ “പ്രഭാത ഭേരി” എന്ന പരിപാടിയാണെന്ന് മനസ്സിലാവുന്നത്. അന്നൊക്കെ ഉമ്മയുടെ “എണീക്ക് എണീക്ക്, എണീറ്റ് പാത്രം കഴുക്, മുറ്റം തൂക്ക് (മുറ്റമടിക്ക്), വെള്ളം കോര്….” തുടങ്ങിയ ജോലികളുടെ ലിസ്റ്റ് കേട്ടാൽ തോന്നും ഇതെല്ലാം ഞാൻ തന്നെ ചെയ്യേണ്ടി വരുമെന്ന്. അത് കേൾക്കുമ്പോഴേ തല വഴി മൂടി കണ്ണടച്ച് ഒറ്റ കിടപ്പാണ്. പിന്നെ ആ കിടപ്പിൽ മനോഹരമായ 60-70 ലെ മലയാള ഗാനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വപ്നത്തിൽ വഴുതി വീഴുമ്പോഴാണ് ഇരുമ്പുലക്ക പോലെ ഉമ്മയുടെ കൈ പതിക്കുന്നത്. ദാസേട്ടന്റെ “പുഴകൾ, മലകൾ, പൂവനങ്ങൾ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന..” എന്ന ഗാനത്തിൽ ലയിച്ചു ചിറകു വിടർത്തി പറന്നുയർന്ന ഞാൻ “ചന്ദനശീതള മണപ്പുറത്ത്” മൂക്കും കുത്തി ദാ കിടക്കുന്നു. നേരത്തെ വിളിച്ചു കൂവിയ ലിസ്റ്റിലെ ജോലിയൊക്കെ അതേ സ്പീഡിൽ ചെയ്തു തീർത്തിട്ടുള്ള വരവാണ്. രണ്ടു പുളിച്ചതും കൂടി കേട്ട് ഉറക്കച്ചടവിൽ കുടവുമെടുത്ത് പൈപ്പിൻ ചുവട്ടിൽ ക്യൂ നിൽക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്നും കേൾക്കാം അടുത്ത ഡ്യൂയറ്റ്.

അന്നൊക്കെ റേഡിയോ ഉള്ളത് കൊണ്ട് സമയം അറിയാൻ ഘടികാരം നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. “ത്രിവേണി” തുടങ്ങിയാൽ പിന്നെ സ്കൂളിലേക്കുള്ള ഓട്ടപ്പാച്ചിലായി. എന്റെ വീട്ടിൽ മാത്രമല്ല അടുത്ത വീട്ടിലും പോകുന്ന വഴിയിലെ വീടുകളിലും കടകളിലുമൊക്കെ പിന്നെ “ഗാനോപഹാരം” കേൾക്കാം. വീട്ടിൽ വിവിധ് ഭാരതിയും ആകാശവാണിയും മാറി മാറി ദിവസം മുഴുവൻ മുഴങ്ങി കൊണ്ടിരിക്കും. പിന്നെ ബാപ്പയുടെ പ്രിയപ്പെട്ട തമിഴ് ഗാനങ്ങൾ രാവിലെയും രാത്രി പതിനൊന്നു മണിവരെയും ഉണ്ടാകും. ജോലി കഴിഞ്ഞു വന്നാൽ ബാപ്പ ആദ്യം ചെയ്യുന്നത് തമിഴ് സ്റ്റേഷൻ ട്യൂൺ ചെയ്യുകയാണ്.

ഇഷ്ടഗാനം, രഞ്ജിനി, ബുലെ ബിസ്‌രെ ഗീത്, ഛായ ഗീത്, പിടാര, ജയമാല, ഹവാമഹൽ, ചിത്രലോക്, ബൈസ്കോപ്പ് കി ബാത്തേൻ അങ്ങനെ ദിവസം മുഴുവൻ പാട്ടുകൾ കേൾപ്പിക്കാൻ ഒരുപാട് പേരുകളിലുള്ള പരിപാടികൾ. പിന്നെ ലളിതഗാനങ്ങളും ബാലലോകവും കഥാപ്രസംഗങ്ങളും കണ്ടതും കേട്ടതും എഴുത്തുപെട്ടിയുമൊക്കെ ഏറെ ഇഷ്ടപ്പെട്ടവ ആയിരുന്നു. പിന്നെ കൗതുക വാർത്തകൾ ഞങ്ങൾ കുട്ടികൾ ഇരുന്നു കേട്ടിരുന്ന പരിപാടിയാണ്. കാത്തിരുന്ന് ചെവി കൂർപ്പിച്ചു കേട്ടിരുന്ന പരിപാടിയാണ് “ശബ്ദരേഖ”. മണിച്ചിത്രത്താഴ് സിനിമയൊക്കെ വളരെ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്. ഇഷ്ട പരിപാടിക്കിടയിൽ കറണ്ടെങ്ങാനും പോയാൽ തീർന്നു. ജീവിതം നഷ്ടപെട്ട വേദനയായിരുന്നു അപ്പോൾ അനുഭവിച്ചിരുന്നത്. അന്ന് കേട്ടിരുന്ന പരസ്യങ്ങൾ പോലും ഇന്നും മായാതെ കിടപ്പുണ്ട് മനസ്സിൽ.

“ഇയം ആകാശവാണി. സമ്പ്രതി വാർത്താ: ശുയന്ത. പ്രവാചക ബലവാനന്ദ സാഗര:” (തെറ്റുണ്ടെങ്കിൽ ക്ഷമിച്ചേക്കണേ!) ഇത് കേൾക്കാത്ത മലയാളി ഉണ്ടാവില്ല. എത്രയോ പതിറ്റാണ്ടുകളായി കേൾക്കുന്ന ശബ്ദം ആണിത്. ബാക്കിയുള്ളതൊന്നും മനസ്സിലാവുകയുമില്ല കേൾക്കാൻ നിൽക്കുകയുമില്ല. അടുത്ത സ്റ്റേഷൻ ട്യൂൺ ചെയ്യും. ഞങ്ങൾ കുട്ടികൾക്ക് നാട്ടുവിശേഷവും ഹരിതവാണിയും തൊഴിൽ വാർത്തയും കായിക ലോകവും യുവവാണിയും കമ്പോള നിലവാരവുമൊക്കെയാണ് അന്ന് കേൾക്കാൻ വലിയ താല്പര്യമില്ലാത്തവ. മാപ്പിള പാട്ടുകൾ, നാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ എല്ലാം അന്ന് ജാതി മത ഭേതമന്യേ കേട്ടിരുന്നു. പിന്നെ അന്ന് ശാസ്ത്രീയ സംഗീതം കരച്ചിലായിട്ട് തോന്നിയിരുന്നത് കൊണ്ട് കർണാടക സംഗീതം എന്ന് പറയുമ്പോൾ തന്നെ അടുത്ത സ്റ്റേഷൻ ട്യൂൺ ചെയ്യും.

പെരുമ്പാവൂർ ജി രവീന്ദ്രനാഥ് മാഷ് പഠിപ്പിച്ച ഒത്തിരി ലളിത ഗാനങ്ങൾ അന്ന് ഞാനും പഠിച്ചിട്ടുണ്ട്. “വിഷു പക്ഷി പാടി വീണ്ടും കണിക്കൊന്ന പൂത്ത നാളിൽ “, “പ്രാണസഖി നിൻ മടിയിൽ മയങ്ങും വീണക്കമ്പിയിൽ“, “തേവര പട്ടുടുത്തു തേൻകുഴൽ പാട്ടുതീർത്തു അമ്പാടി കണ്ണനുണ്ണി അരികിലെത്തു.” അതുപോലെ തന്നെ “സമൂഹ ഗാന പാഠം” എന്ന പരിപാടിയിൽ നിന്ന് പഠിച്ചതാണ് ആസാമിസ് ഗാനമായ “മാ അമി ഹൊദിയ ലോയ് ജാമേ”. അവയെല്ലാം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്. SSLC പരീക്ഷ കാലത്തും ഞാൻ പഠിച്ചിരുന്നത് റേഡിയോ ഗാനങ്ങൾ കേട്ടുകൊണ്ടാണ്.

ഇഷ്ടഗാനത്തിലേക്ക് കത്തയക്കുക ആയിരുന്നു ആദ്യകാലത്തെ പരിപാടി. എപ്പോഴെങ്കിലും എന്റെ കത്ത് വായിച്ചിട്ടുണ്ടാവുമോ ആവോ? പിൽക്കാലത്ത് “ഫോൺ ഇൻ പ്രോഗ്രാം” വന്നപ്പോൾ അതിൽ കുറേ വിളിച്ചു, ബിസി ട്യൂൺ അല്ലാതെ ഒന്നും കേട്ടിട്ടില്ല. അന്ന് ചിത്രഗീതത്തിൽ പുതിയ ഗാനങ്ങൾ വരുമ്പോൾ എല്ലാം നേരത്തെ എനിക്ക് കാണാപ്പാഠം ആയിരിക്കും. ടീവിയിൽ വരും മുൻപേ എത്ര തവണ റേഡിയോയിൽ വന്നിട്ടുണ്ടാകും. അന്താക്ഷരി കളിക്കുമ്പോൾ കുട്ടികൾ ചോദിക്കും പുതിയ പാട്ടൊക്കെ നീ ഇത്ര വേഗം എങ്ങനെ പഠിച്ചു എന്ന്. അറിയാതെ ഹൃദ്യസ്ഥമാകുന്ന ഗാനങ്ങളാണ് അധികവും, കൂടാതെ ചിലപ്പോൾ പാട്ടിനൊപ്പം ഇരുന്നു എഴുതിയെടുക്കാറും പതിവായിരുന്നു.

യേശുദാസ്, ജാനകി, ചിത്ര, മുഹമ്മദ് റാഫി, കിഷോർ കുമാർ, ലത മങ്കേഷ്‌കർ, ആശ ഭോസ്‌ലെ തുടങ്ങിയ ഗായകരുടെ ഗാനങ്ങളെ പ്രണയിച്ച കുഞ്ഞു മനസ്സിനെ ചന്ദൻദാസിന്റെയും ജഗ്ജിത് സിംഗിന്റെയും ഹരിഹരന്റെയും ഭൂപേന്ദ്ര സിംഗിന്റെയും പങ്കജ് ഉദാസിന്റെയും മീനകുമാരിയുടേയുമൊക്കെ ശബ്ദങ്ങളെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ച പരിപാടിയായിരുന്നു “കഹ്‌കഷാൻ”. ഗസലുകളെ ഇഷ്ടപ്പെടാൻ തുടങ്ങിയത് അങ്ങനെയാണ്.

വിവിധ്ഭാരതിയിൽ യൂനുസ് ഖാൻ പരിപാടി അവതരിപ്പിക്കുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടം. അദ്ദേഹത്തിന്റെ ശബ്ദവും സംസാര രീതിയും എനിക്ക് മാത്രമല്ല ഇന്ത്യ എമ്പാടുമുള്ള ശ്രോതാക്കൾക്ക് ഇഷ്ടമായിരുന്നു. പിന്നെ ഇഷ്ടം റേഡിയോ സഖി മമ്ത സിംഗ്, ഒരാൾ കൂടിയുണ്ട് ജയ്മാല അവതരിപ്പിച്ചിരുന്നത്, പേര് ഓർമ്മവരുന്നില്ല. രാത്രി കിടക്കുമ്പോൾ ജവാന്മാരുടെ കത്തും അവരുടെ ദേശഭക്തിയുടെയും വിരഹത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ മിശ്ര ഗാനങ്ങളും കേട്ട് മയങ്ങുമായിരുന്ന ഒരു കാലം.

ടേപ്പ് റെക്കോഡറും കാസറ്റ്സും വന്നു റേഡിയോയുടെ ഉപയോഗം കുറച്ചെങ്കിലും ടിവിയുടെ വരവാണ് റേഡിയോ പാടെ ഉപേക്ഷിക്കാൻ കാരണമായത്. പിന്നീട് കുഞ്ഞു പോക്കറ്റ് റേഡിയോ ഉറങ്ങാൻ നേരം മാത്രം തലയുടെ അടുത്ത് വെച്ച് കേട്ട് കിടന്നു. പിന്നെ എപ്പോഴോ അത് നശിച്ചപ്പോൾ ആ ശീലവും മാറി. സംഗീതം ജീവിതത്തിന്റെ ഒരു ഭാഗമാകാൻ കാരണമായ റേഡിയോ ഇപ്പോൾ മൊബൈലിന്റെ ഒരു മൂലക്ക് വെറും ഒരു ഐക്കൺ മാത്രമായി ചുരുങ്ങിയത് എന്ത് കൊണ്ടാണെന്നറിയില്ല. സമയക്കുറവോ മറ്റു വിനോദോപാധികളോ ഒരു കോണിൽ ഇരുന്നു മനസ്സാഗ്രഹിക്കുന്ന ഏതു പാട്ടു വേണേലും എപ്പോ ചോദിച്ചാലും വെച്ച് തരുന്ന ഗൂഗിൾ മിനിയോ ഒക്കെ കാരണമാണ്. പിന്നെ പണ്ടത്തെ ആ സുഖമൊന്നും ഇപ്പോൾ എക്സ്പ്രസ്സ് പോകുന്നപോലെ പറഞ്ഞു പോകുന്ന ജോക്കികളിൽ എനിക്ക് കണ്ടെത്താൻ കഴിയാത്തതും, സുഖമായി ഒരു ഗാനം കേട്ട് വരുമ്പോൾ അലമുറയിട്ട പോലെ വരുന്ന തീം സോങ്ങും ഒക്കെ ചില കുഞ്ഞു കാരണങ്ങളാണ്.

റേഡിയോ ആസ്വാദനത്തിന് മാത്രം ഉള്ളതല്ല അന്നും ഇന്നും. ദൈനം ദിന ജീവിതത്തിലും പ്രകൃതി ദുരന്ത സമയത്തും മറ്റും അടിയന്തിരമായി ആശയ വിനിമയം നടത്തുന്നതിന് റേഡിയോ ഒരു മുഖ്യ പങ്ക് വഹിക്കുന്നു. കൃഷി, സംസ്കാരം, ഗ്രാമവികസനം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയവയിലേക്കുള്ള അവബോധവും അറിവും മെച്ചപ്പെടുത്തുന്നതിന് ഉചിതമായ മാധ്യമമാണ് റേഡിയോ. മറ്റ് ആശയവിനിമയ രീതികൾ ഉപയോഗിക്കാൻ കഴിയാത്ത പ്രകൃതി ദുരന്ത സമയങ്ങളിൽ റേഡിയോ ഫലപ്രദമായി ഉപയോഗിച്ച് വീടുകളും ഓഫീസുകളും ഒഴിപ്പിക്കാൻ സാധിക്കും.

പണ്ടത്തെ നാടൻ റേഡിയോയിൽ നിന്നും ഇന്റർനെറ്റ് റേഡിയോയിലേക്ക് മാറ്റം സംഭവിച്ചിട്ടാണെങ്കിലും റേഡിയോ ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്നത് വലിയ കാര്യം തന്നെയാണ്. മൊബൈലിലോ കാറിലോ ജോലിസ്ഥലത്തോ ഒക്കെ ഇരുന്നു അത് നമ്മുടെ കർണ്ണങ്ങളെ ആനന്ദിപ്പിക്കുകയും അറിവ് പകരുകയും ആശയ വിനിമയം നടത്തുകയും ചെയ്തുകൊണ്ടേയിരിക്കുന്നു ഇപ്പോഴും.

Image Credit: Pixabay

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.