വായനയുടെ പ്രസക്തി കുട്ടികളിൽ

വായനയുടെ പ്രസക്തി കുട്ടികളിൽ

വായനയുടെ പ്രസക്തി കുട്ടികളിൽ എന്ന തലക്കെട്ട് കാണുമ്പോൾ സ്വാഭാവികമായും നിങ്ങൾ കരുതുന്ന പോലെ വായനാദിനത്തെയും പി എൻ പണിക്കർ എന്ന മഹാനെയും കുറിച്ചുമല്ല ഞാനിന്നു പറയുന്നത്. ഇന്ന് എല്ലാവരും അതൊക്കെ ഒരുപാട് വായിച്ചിട്ടുണ്ടാകും സോഷ്യൽ മീഡിയയിലും പത്രത്തിലും ഒക്കെ ആയി. എനിക്ക് പങ്കു വെക്കാനുള്ളത് വായനയെ കുറിച്ചുള്ള എന്റേതായ ചില അനുഭവങ്ങളും തിരിച്ചറിവുകളും അഭിപ്രായങ്ങളുമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ, എന്നെ പോലെ ഒരു പുസ്തകം കയ്യിലെടുത്തു മനസ്സിരുത്തി വായിച്ചിട്ട് ആണ്ടുകളായവരോടും ഇന്നത്തെ വായന എന്തെന്നറിയാത്ത പുതു തലമുറയിലെ കുട്ടികളോടുമാണ് എനിക്ക് പറയാനുള്ളത്.

സ്വയം ചെയ്യാത്തവയൊന്നും മറ്റുള്ളവരോട് ചെയ്യാൻ ഉപദേശിക്കരുതെന്നാണ് മുഹമ്മദ് നബി (സ്വ) തങ്ങൾ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് എൻ്റെ പക്കലുള്ള ഏക നോവലായ ലളിതാംബിക അന്തർജനത്തിന്റെ “അഗ്നിസാക്ഷി” ഒരാവർത്തി വായിച്ചിട്ടാണ് ഞാനിതെഴുതുന്നത്. മനഃസാക്ഷിയെ ബോധിപ്പിക്കണമല്ലോ അതിനാണ്.

വായിക്കുന്നോർ ഏറെ ഉണ്ടാകുമെങ്കിലും ഇക്കാലത്തു വായിക്കാത്തവരാണ് നമ്മളിൽ ഏറെയും. അവരിൽ തന്നെ കൂടുതലും ഇ-ബുക്ക്സ് ആണ് വായിക്കുന്നതും. ഇരുന്നും കിടന്നും കമഴ്ന്നും മറിഞ്ഞും പുസ്തകത്താളുകൾ മറിച്ചും വായിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെ. മൊബൈൽ ഫോണിലെ വികിരണങ്ങളുടെ ദോഷങ്ങൾ ഇല്ലാതെ നോട്ടിഫിക്കേഷൻസ് വന്നു ഇടയ്ക്കിടെ ശ്രദ്ധ തിരിക്കാതെ സ്വസ്ഥമായി വായിക്കുമ്പോൾ ആണ് നമ്മൾ ഒരു വായനയുടെ യഥാർത്ഥ സുഖം അറിയുക.

കുട്ടിക്കാലത്തു എനിക്ക് വായന ഒരു ഹരമായിരുന്നു. വീട്ടിലെ ആണുങ്ങൾ ഉണരുന്നതിനു മുൻപ് തന്നെ മലയാള മനോരമ പത്രത്തിലെ കാർട്ടൂണുകളും ഫലിതങ്ങളും രാഷ്ട്രീയമൊഴികെയുള്ള രസകരമായ വർത്തകളൊക്കെ വായിച്ചിരിക്കും. “കുഞ്ചു കുറുപ്പ്“, “പൊന്നമ്മ സൂപ്രണ്ട്” തുടങ്ങിയവയുടെ ഫലിത സാരം പൂർണ്ണമായി മനസ്സിലായില്ലെങ്കിലും വായന നിർബന്ധം. കുട്ടികളുടെ ദ്വൈവാരികകളായ ബാലരമ, ബാലമംഗളം, പൂമ്പാറ്റ മാമിയുടെ ഇഷ്ട വാരികകളായ മനോരമയും മംഗളവും തുടങ്ങി കിട്ടുന്നതെന്തും വായിക്കുമായിരുന്നു. എവിടെ പോയാലും ഒരു പുസ്തകം കണ്ടാൽ വെറുതെ വിടാറില്ല. ഇന്നത്തെ കുട്ടികൾക്ക് മൊബൈൽ ഫോൺ ഹരമായതു പോലെ അന്ന് ഞങ്ങൾക്ക് പുസ്തകം ഹരമായിരുന്നു.

കൊച്ചാപ്പ ലൈബ്രറിയിൽ നിന്ന് കൊണ്ട് വെക്കുന്ന പുസ്തകങ്ങൾ എൻ്റെ പ്രായത്തിലെ (നാലു മുതൽ ആറാം ക്‌ളാസ് വരെയുള്ള കാലഘട്ടം) കുട്ടികൾക്ക് ദഹിക്കുന്നവയായിരുന്നില്ല. എന്നാൽ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളും വൈക്കം മുഹമ്മദ് ബഷീറിന്റേയും ഷേക്‌സ്‌പിയറിന്റെയും പല പ്രസിദ്ധ കൃതികളും എനിക്ക് വായിക്കാൻ അദ്ദേഹം വഴി ഭാഗ്യമുണ്ടായി. UP സ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറി പുസ്തകങ്ങൾ അടുക്കി വെച്ചും അവിടം വൃത്തിയാക്കി കൊടുത്തുമൊക്കെ ലൈബ്രറി അധ്യാപകനെ സഹായിക്കുന്ന വകയിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ എടുത്തു യഥേഷ്ടം വായിക്കാനുള്ള അനുവാദം നേടിയെടുത്തിരുന്നു. “ആയിരത്തൊന്ന് രാവുകൾ” എന്ന വമ്പൻ പുസ്തകം വായിക്കുമ്പോൾ ഞാൻ ഹൈസ്കൂൾ കാലഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടേ ഉണ്ടാവൂ. അന്നതിലെ പല വാക്കുകളുടെയും അർത്ഥം മനസ്സിലാക്കാൻ പോലും ഞാൻ വളർന്നിട്ടില്ലായിരുന്നു. എന്നാലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ആ പുസ്തകം വായിച്ചു തീർത്തു. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുമ്പോൾ അതിലെ പല കഥകളും ഓർമയിൽ നിന്നെടുത്തു എന്റെ ഭാവനയിൽ പറഞ്ഞു കൊടുക്കാറാണ് പതിവ്. ഒന്നും വായിക്കാൻ കിട്ടിയില്ലെങ്കിൽ പാഠപുസ്തകത്തിലെ കഥകൾ വീണ്ടും വായിച്ചു സംതൃപ്തിയണഞ്ഞു.

കാലക്രമേണ ടെലിവിഷനും ഇന്റെർനെറ്റുമൊക്കെ ജീവിതത്തിന്റെ ഭാഗമായപ്പോൾ പുസ്തകങ്ങളെ കുറിച്ചും വായനയെക്കുറിച്ചും ഓർക്കാതെയായി. വായന ഇപ്പോൾ തീരെ ഇല്ലെന്നല്ല, എല്ലാം ഡിജിറ്റലായി, വായിക്കാനുള്ളവ ഒഫിഷ്യലായി, കഥയും കവിതയും സോഷ്യൽ മീഡിയയിൽ ലഭ്യമായവ മാത്രമായി ചുരുങ്ങി.

കുട്ടികൾക്ക് വായനശീലം ഇല്ലാത്തതിന്റെ ദോഷവശങ്ങൾ മനസ്സിലാകണമെങ്കിൽ വീട്ടിലെ കുട്ടികളെ ആരെയെങ്കിലും വിളിച്ചു എന്തെങ്കിലും നാലുവരി കാണാതെ എഴുതാൻ പറഞ്ഞാൽ മതി. അതിൽ പത്തു അക്ഷരത്തെറ്റ് കണ്ടെത്താൻ കഴിയും. ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ എനിക്കുണ്ടായിരുന്ന പദപരിചയം ഇന്നത്തെ പത്താം ക്‌ളാസ്സ് വിദ്യാർത്ഥിയിൽ ഞാൻ കണ്ടിട്ടില്ല. മലയാള സാഹിത്യത്തിലെ എന്നല്ല ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വാക്കുകളും എത്ര മനോഹരമായാണ് അവർ തെറ്റിച്ചെഴുതുന്നത്. അതിന്റെ അർത്ഥങ്ങൾ ചോദിച്ചു ഹൃദയാഘാതം കൂടി സ്വയം വരുത്തിവെക്കേണ്ടതില്ല. അതെ, ഇന്നത്തെ വിദ്യാർത്ഥികളിൽ പലർക്കും നിസ്സാരമെന്നു നമ്മൾ കരുതുന്ന പല മലയാള പദങ്ങളുടെയും അർത്ഥമോ ഉച്ചാരണമോ എഴുതേണ്ട രീതിയോ ഒന്നും വശമില്ല എന്നത് ഒരു നഗ്ന സത്യമാണ്. ഇനി അവരെ തിരുത്തുന്നതിന് മുൻപ് അവരുടെ ടെക്സ്റ്റ് ബുക്ക് നോക്കാൻ മറക്കണ്ട, നമ്മൾ പഠിച്ച പല അക്ഷരവിന്യാസങ്ങളും ഇപ്പോൾ മാറിയിട്ടുണ്ട്.

അക്ഷര തെറ്റുകൾ ആർക്കും സ്വാഭാവികമാണ്. കടുത്ത വാക്കുകളും ആദ്യമായി കേൾക്കുന്നവയുമൊക്കെ എഴുതുമ്പോൾ ആർക്കും സംഭവിക്കാവുന്നതാണ്. ഏതു നിസ്സാര വാക്കും ഇപ്പോഴത്തെ കുട്ടികൾക്ക് ശരിയായ രീതിയിൽ എഴുതാൻ കഴിയുന്നില്ല എന്നത് മനസ്സിരുത്തിയുള്ള വായനയുടെ അഭാവമാണ് കാണിക്കുന്നത്. കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ വായിക്കാതെ വളരുന്ന കുട്ടികൾ വിളയുകയില്ല വളയുകയെ ഉള്ളൂ എന്ന് മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ഒരാൾ വായിക്കുമ്പോൾ അതിലെ കഥയും കഥാപാത്രവും പശ്ചാത്തലവും അയാളുടെ ഭാവനയിൽ ക്യാമറയുടെ പരിമിധികളില്ലാതെ രാജമൗലിയുടെ ചലച്ചിത്രത്തേക്കാൾ വശ്യസുന്ദരമായി വിരിയും. എന്നാൽ അയാൾ അറിയാതെ മനസ്സിൽ പതിയുന്നത് അക്ഷരങ്ങളും വാക്കുകളും പ്രയോഗങ്ങളും വ്യാകരണങ്ങളുമൊക്കെയാണ്. അതായത്, വായന സമ്മാനിക്കുന്നത് നാം അറിയാതെ നമ്മുടെ ഉള്ളിൽ പകർന്നു കിട്ടുന്ന ജീവിതകാലം മുഴുവൻ ഉതകുന്ന അറിവാണ്. അത് ആർജ്ജിക്കാനുള്ള ഇന്നത്തെ തലമുറയുടെ അവസരങ്ങൾ ടെലിവിഷനും മൊബൈൽ ഇന്റർനെറ്റ് ഗെയിമുകളും കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്. കാഴ്ചകൾ മനസ്സിൽ തങ്ങി നിൽക്കുമെന്നത് ശരി തന്നെ, ലേർണിംഗ് ആപ്പുകളും ഓൺലൈൻ ക്‌ളാസ്സുകളിലെ പ്രവർത്തനങ്ങളുമൊക്കെ കുട്ടികളെ കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുമെന്നതും ശരിയാണ്. എന്നാൽ അങ്ങനെ ആർജ്ജിച്ച അറിവ് ഉത്തരക്കടലാസിൽ ശരിയായി പകർത്താനുള്ള കഴിവ് കുട്ടിക്കുണ്ടാകണമെങ്കിൽ വായിച്ചേ മതിയാകൂ.

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്തു മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികൾക്ക് അനിവാര്യമായ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. പഠന സമയത്തും അല്ലാതെയും ദിവസം മുഴുവൻ ഫോണിന്റെ ഉപയോഗം ഭാവിയിൽ അവർക്ക് ദോഷം ചെയ്യാം. അവരെ പുസ്തകവായനയിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് അവരുടെ ആരോഗ്യത്തിനും അറിവിനും ഗുണകരമാകുക തന്നെ ചെയ്യും. പുസ്തകങ്ങളുടെ ലഭ്യത ഒരു പ്രശ്നമുള്ളവർക്ക് ഇ-ബുക്കുകൾ തന്നെ പ്രയോജനപ്പെടുത്താം. കുട്ടികൾക്കായി ഒരുപാട് ബ്ലോഗുകളിൽ കഥകളും കവിതകളും ലഭ്യമാണ്.

കുട്ടികൾ പൊതുവെ കഥ ഇഷ്ടപ്പെടുന്നവരാണ്. പണ്ട് മുത്തശ്ശി കഥകൾ ഇഷ്ടപ്പെട്ടിരുന്നവരാണ് കുട്ടികളെങ്കിൽ ഇന്ന് കഥ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് കേൾക്കാനല്ല കാണാൻ ആണ് ഇഷ്ടം. യൂട്യൂബ് വീഡിയോസ് ഒരു ഭാഗ്യമായി കരുതി അത് ഇട്ട് കൊടുത്തു നാം കുട്ടികളെ ഊട്ടുകയും ഉറക്കുകയും ചെയ്യുന്നു. വായിച്ചു തുടങ്ങുമ്പോൾ തന്നെ അവരെ കൊച്ചു കൊച്ചു കഥകൾ സ്വയം വായിക്കാൻ പ്രേരിപ്പിക്കുക. പഞ്ചതന്ത്രം കഥകൾ പോലെയുള്ള രസകരവും അറിവ് പകരുന്നവയുമായ ഗുണപാഠകഥകളിൽ ഒരു കഥയെങ്കിലും അവരെക്കൊണ്ട് ദിവസവും വായിപ്പിച്ചു കേൾക്കുക. കുട്ടികളെ അക്ഷരങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക. വായന ദിനമോ വാരമോ അല്ല ദിനവും വായിക്കയാണ് വേണ്ടതെന്ന് അവരെ പഠിപ്പിക്കുക.

Image Credit: Pixabay

Similar Posts

2 Comments

  1. Familiarity breeds contempt..this is not juzt a crazy thought..valuable words in the board.keep it up..people should realise that we are squandering our time with S M.congratz to hazi..god bless u..

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.